എം.ജി റോഡിന്റെ തകര്‍ച്ച: എം.എല്‍.എ പൊതുമരാമത്ത് ചീഫ് എന്‍ജിനിയറെ കണ്ടു
കാസര്‍കോട്: തകര്‍ന്നു കിടക്കുന്ന എം.ജി റോഡുള്‍പ്പെടെ നഗരത്തിലെ പ്രധാന റോഡുകളുടെ നവീകരണം അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തിരുവനന്തപുരത്ത് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ കണ്ടു. കാസര്‍കോട്-നുള്ളിപ്പാടി പൊതുമരാമത്ത് റോഡിന്റെ (എം.ജി. റോഡ്) അവസ്ഥ വളരെ ശോചനീയമാണെന്നും 1.20 കി.മി നീളമുള്ള എം.ജി. റോഡ് കോണ്‍ക്രീറ്റ് ചെയ്ത 200 മീറ്റര്‍ ഒഴികെ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. ആറു മാസം മുമ്പ് മെക്കാഡം ടാര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കാര്യമായ പ്രവര്‍ത്തികളൊന്നും നടന്നില്ല.
കഴിഞ്ഞ ഏപ്രിലില്‍ അറ്റകുറ്റ പണികള്‍ ചെയ്‌തെങ്കിലും മഴക്കാലം തുടങ്ങിയതോടു കൂടി വീണ്ടും തകര്‍ന്ന നിലയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഡ്രൈനേജും ഫുട്പാത്തും കാലപ്പഴക്കം കാരണം പൊട്ടിപ്പൊളിഞ്ഞു.
ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് പ്രവൃത്തി പൂര്‍ത്തിയായാല്‍ എം.ജി റോഡില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ഗതാഗത തിരക്ക് അനുഭവപ്പെടും. ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുക പഴയ പ്രസ്‌ക്ലബ് ജങ്ഷനിലായിരിക്കും. ഈ ജങ്ഷന്‍ അഭിവൃദ്ധിപ്പെടുത്തണം. മതിയായ ഡ്രൈനേജ് സൗകര്യം ഏര്‍പ്പെടുത്തി കോണ്‍ക്രീറ്റോ ഇന്റര്‍ ലോക്കോ ചെയ്യണം. കെ.എസ്.ടി.പി അധികൃതര്‍ ഡ്രൈനേജ് സൗകര്യം ഉണ്ടാക്കുമെന്നു മാസങ്ങള്‍ക്ക് മുമ്പ് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.
ആഴ്ചകള്‍ക്ക് മുമ്പ് പൊതുമരാമത്ത് സെക്രട്ടറി കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ പഴയ പ്രസ്‌ക്ലബ് ജങ്ഷന്‍ നേരിട്ടു കണ്ടിരുന്നു. ശോചനീയാവസ്ഥ പരിഹരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനും ജനറല്‍ ആശുപത്രിക്കും ഇടയിലുള്ള സ്ഥലം മഴക്കാലത്തു വെള്ളക്കെട്ടു കാരണം ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നു. ബസ് സ്റ്റാന്‍ഡിനകത്ത് പ്രത്യേകം സ്ഥലമില്ലാത്തതു കൊണ്ട് ധാരാളം പേര്‍ വിവിധ സ്ഥലങ്ങളിലേക്കു പോകാന്‍ ബസ് കാത്തു നില്‍ക്കുന്നത് ഇവിടെയാണ്. നിലവിലുള്ള റോഡിന്റെ വീതി പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും. ഫുട്പാത്തുകള്‍ ടൈല്‍സ് പാകി നവീകരിച്ചു ഡ്രൈനേജ് സൗകര്യം വിപുലീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."