സിയസ്‌കൊയുടെ കെട്ടിടത്തിലുള്ളത് അനധികൃത സ്ഥാപനങ്ങളെന്ന്
കോഴിക്കോട്: കുറ്റിച്ചിറയിലെ കോര്‍പറേഷന്‍ ഭൂമിയില്‍ സിയസ്‌കൊ നടത്തിയിട്ടുള്ള കൈയേറ്റങ്ങള്‍ക്കും അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കുമെതിരേ നഗരസഭ വൈകിയെങ്കിലും നടപടികള്‍ ആരംഭിച്ചതില്‍ അസന്‍കോയ മുല്ല അനുസ്മരണ സമിതി സംതൃപ്തി രേഖപ്പെടുത്തി.
സ്വാതന്ത്ര്യസമര സേനാനി അസന്‍കോയ മുല്ലയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സംരക്ഷിക്കാമെന്ന ഉറപ്പിന്മേലാണ് നഗരസഭ സിയസ്‌കൊയ്ക്ക് പാര്‍ക്കിനോടനുബന്ധിച്ചുള്ള സ്ഥലം വായനാശാലയ്ക്ക് ഒരുനില കെട്ടിടം നിര്‍മിക്കാന്‍ വിട്ടുകൊടുത്തത്. എന്നാല്‍ പാര്‍ക്ക് സംരക്ഷണത്തില്‍ നിന്നു പിന്നോക്കംപോയ സിയസ്‌കൊ നഗരസഭാ നടപടികള്‍ ഭയന്ന് പാര്‍ക്കിന്റെ ചുറ്റുമതില്‍ ചായംപൂശി കഴിഞ്ഞ ആഴ്ച നവീകരണോദ്ഘാടനം നടത്തിയതാണെന്നും പുതുതായി യാതൊരു അടിസ്ഥാന സൗകര്യങ്ങളും ചെയ്യാതെ നടത്തിയ ഈ ഉദ്ഘാടനം പ്രദേശത്തുകാരില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെന്നും മുല്ല അനുസ്മരണ സമിതി ആരോപിച്ചു.
കെട്ടിടത്തിലുള്ള എ.ടി.എം സെന്റര്‍, സ്വകാര്യ ലാബുകളെ വെല്ലുന്ന രീതിയില്‍ അമിത ചാര്‍ജ് ഈടാക്കി നടത്തുന്ന ഡയഗ്നോസ്റ്റിക് സെന്റര്‍, നാലുനില കെട്ടിം, നാലുനില കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവര്‍ എന്നിവയെല്ലാം നഗരസഭയുടെ അനുമതിയില്ലാതെ ഉണ്ടാക്കിയവയാണെന്നും ഇവര്‍ ആരോപിച്ചു.
പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗം പാര്‍ക്ക് സംരക്ഷണത്തിനു വേണ്ടിയുള്ള ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുവാനും സ്വാതന്ത്ര്യസമര സേനാനി അസന്‍കോയ മുല്ലയുടെ സ്മരണ നിലനിര്‍ത്താന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."