പശുക്കടവ് ദുരന്തം: സമാനതകളില്ലാതെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം
കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയില്‍ അപകടത്തില്‍പ്പെട്ട ആറു യുവാക്കള്‍ക്ക് വേണ്ടി തിരച്ചിലില്‍ നടത്താന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ പ്രവര്‍ത്തനം സമാനതകളില്ലാത്തതായിരുന്നു. ദുരന്തം നടന്ന ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ അവസാനത്തെ മൃതദേഹവും കണ്ടെടുക്കുന്നതുവരെ ഉറക്കമൊഴിഞ്ഞ് പുഴയില്‍ തിരച്ചില്‍ നടത്തിയത് നാട്ടുകാരുടെ സംഘമായിരുന്നു. ദുരന്തനിവാരണ സേനാംഗങ്ങള്‍ക്കും അഗ്നിശമന സേനാംഗങ്ങക്കും കൂടെ പുഴ അരിച്ചുപെറുക്കി തിരച്ചില്‍ നടത്തുന്നതില്‍ നാട്ടുകാര്‍ വലിയ പങ്കാണ് വഹിച്ചത്.
പുഴയുടെ സ്വഭാവത്തെക്കുറിച്ചും ആഴക്കയങ്ങളെക്കുറിച്ചും ഒന്നുമറിയാത്ത സര്‍ക്കാര്‍ സേനാംഗങ്ങള്‍ക്ക് വഴികാട്ടിയായതും പുഴയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പിയതും നാട്ടുകാരുടെ സംഘമാണ്. പശുക്കടവ് മലയോരത്ത് പല ഘട്ടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാട്ടുകാര്‍ക്ക് കടന്തറപ്പുഴയുടെ ഓരോ ഭാവമാറ്റവും മനഃപാഠമാണ്. ആറു സംഘങ്ങളായി തിരിഞ്ഞ് അപകടം നടന്ന സ്ഥലം മുതല്‍ കിലോമീറ്ററുകളോളം പുഴയില്‍ ഇവര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ രാവിലെ പത്തോടെ വിഷ്ണുവിന്റെ മൃതദേഹവും കണ്ടെടുത്തത്. നാട്ടുകാരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ ആദ്യദിവസം തന്നെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രശംസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."