പേരാമ്പ്രയില്‍ ദുരന്ത നിവാരണ കേന്ദ്രത്തിനുള്ള ആവശ്യം വീണ്ടും ശക്തമാകുന്നു
പേരാമ്പ്ര: മലയോര പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളും അപകടങ്ങളും പരിഗണിച്ച് പേരാമ്പ്രയില്‍ ദേശീയ ദുരന്തനിവാരണ കേന്ദ്രമെന്ന ചിരകാല ആവശ്യത്തിന് ആവശ്യമേറുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നിരന്തരമായുണ്ടാകുന്ന സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ പേരാമ്പ്ര കേന്ദ്രമായി ദുരന്തനിവാരണ സേനാ ആസ്ഥാനം സ്ഥാപിക്കണമെന്നാണ് ആവശ്യം.
കുറ്റ്യാടി ജലസേചന പദ്ധതി ഡാം റിസര്‍വോയര്‍, കക്കയം ജലവൈദ്യുത പദ്ധതി, പെരുവണ്ണാമൂഴി ഡാം, ജാനകിക്കാട് ഇക്കോ ടൂറിസം, പൂഴിത്തോട് മിനി ജലവൈദ്യുത പദ്ധതി, ചവറംമൂഴി ഡാം, മരുതോങ്കര, തൊട്ടില്‍പാലം, മുതുകാട്, കല്ലാനോട് വനമേഖലയില്‍ കാലവര്‍ഷം ആരംഭിച്ചാല്‍ മലയോരത്തുണ്ടാവുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ ബന്ധപ്പെട്ടവര്‍ പ്രയാസപ്പെടുകയാണ്. ഫയര്‍ഫോഴ്‌സിനു വേണ്ടത്ര പരിശീലകരോ ഉപകരണങ്ങളോ ഇല്ലാത്തതും പ്രതികൂലമാകുന്നു.
കഴിഞ്ഞ ദിവസം പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു ജീവനുകള്‍ നഷ്ടപ്പെട്ടപ്പോഴാണു നേരത്തെ തന്നെ ഉയര്‍ന്ന മേഖലയില്‍ ദുരന്ത നിവാരണ സേനയെന്ന ആവശ്യം വീണ്ടും ശക്തമായത്. കേന്ദ്ര മന്ത്രിസഭയില്‍ നേരത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സേനയുടെ ആസ്ഥാനം പേരാമ്പ്രയില്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് ഭരണം മാറിയതോടെയാണ് ഇതിനുള്ള നീക്കം വിഫലമായത്. പശുക്കടവ് ദുരന്തത്തോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ദുരന്ത നിവാരണ കേന്ദ്രം ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."