കാവേരി സംഘര്‍ഷത്തിന്റെ മറവില്‍ മലയാളികളെ അക്രമിച്ച് പണം കവര്‍ന്നു
മൈസൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘര്‍ഷത്തിന്റെ മറവില്‍ ഒരു സംഘം ആളുകള്‍ ലോറി തടഞ്ഞു നിര്‍ത്തി ജീവനക്കാരെ അക്രമിച്ച് കൊള്ളനടത്തി.
ലോറി ജീവനക്കാരായ കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ ആസിഫ്, ക്‌ളീനര്‍ ഷബീബ് എന്നിവരെയാണ് മൈസൂരിനടുത്ത മാണ്ട്യയില്‍ വച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ച ശേഷം കൊള്ള നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മാണ്ട്യക്കു പത്തുകിലോമീറ്റര്‍ അകലെവച്ചാണ് സംഭവം. ഗ്രാനെറ്റുമായി കേരളത്തിലേക്കു വരികയായിരുന്ന ലോറി ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് പാതക്കരികില്‍ നിര്‍ത്തിയിടുകയും ജീവനക്കാര്‍ തന്നെ കിടന്നുറങ്ങുകയുമായിരുന്നു.
ഗ്രാനൈറ്റിനൊപ്പം ലോറിയിലുണ്ടായിരുന്ന ഫിനോലെക്‌സ് കമ്പനിയുടെ വയര്‍, ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, ഇവരുടെ കൈയിലുണ്ടായിരുന്ന 3,000 രൂപ ഉള്‍പ്പെടെയാണ് അക്രമികള്‍ കൊള്ളയടിച്ചത്.
80000 രൂപയോളം വിലവരുന്ന 4 ചാക്ക് വയറുകളും, 25,000 രൂപ വിലവരുന്ന രണ്ടു മൊബൈല്‍ ഫോണുകളുമാണ് കൊള്ള സംഘം പണത്തിന് പുറമേ തട്ടിയെടുത്തതെന്നു ജീവനക്കാര്‍ പറയുന്നു.
കാറിലെത്തിയ സംഘം ലോറി ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് ലോറിയില്‍നിന്നു കേബിള്‍ വയറുകളും മറ്റും കൊള്ളയടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മാണ്ട്യ റൂറല്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാണ്ട്യ ഡി.വൈ.എസ്.പി,ഡി.ഐ.ജി എന്നിവരും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കും മറ്റും പോകുന്ന വാഹനങ്ങളെ രാത്രി സമയത്ത് തടഞ്ഞു നിര്‍ത്തി വിലപിടിപ്പുള്ള സാധനങ്ങളും പണവും കൊള്ളയടിക്കുന്ന സംഘം മാണ്ട്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിന്നുണ്ടെന്ന പരാതികള്‍ നിലനില്‍ക്കെയാണ് ലോറി ജീവനക്കാരെ അക്രമിച്ച് കൊള്ള നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."