ആന്ധ്രയില്‍ മഴ തിമിര്‍ത്തുപെയ്യുന്നു; ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
വിജയവാഡ: ജനജീവിതം ദുസ്സഹമാക്കി ആന്ധ്രപ്രദേശില്‍ കനത്ത മഴ തുടരുന്നു. ഗുണ്ടൂര്‍, കുര്‍നൂല്‍, കകിനാഡ തുടങ്ങിയ ജില്ലകളില്‍ സാരമായ നാശനഷ്ടങ്ങള്‍ വിതച്ചു. ഇവിടെ നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിലായി.
മഴയെത്തുടര്‍ന്ന് ഗുണ്ടൂര്‍- ഹൈദരാബാദ് പാതയില്‍ വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. ട്രെയിന്‍ ഗതാഗതവും താറുമാറായിട്ടുണ്ട്. ഹൈദരാബാദ്- പാല്‍നാട് എക്‌സ്പ്രസ് റെഡിഗുഡെമില്‍ നിര്‍ത്തിയിട്ടു. ഫലക്‌നുമ എക്‌സ്പ്രസും ബെല്ലംകൊണ്ട, മാച്ചേര്‍ല പാസഞ്ചറും പകുതിയില്‍ നിര്‍ത്തിയിട്ടു.
16 വര്‍ഷത്തെ റെക്കോര്‍ഡുകള്‍ തകര്‍ന്നാണ് ഹൈദരാബാദില്‍ ഇപ്പോള്‍ മഴ പെയ്യുന്നത്. 16.7 സെന്റി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്ക മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശത്തു നിന്നു ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജില്ലാ കലക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായം സംഭവിക്കാതിരിക്കാനും ആവശ്യമായ സഹായം എത്തിച്ചുകൊടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."