സഊദിയില്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്ത മൂന്നു മലപ്പുറം സ്വദേശികള്‍ പിടിയില്‍
ജിദ്ദ: സ്വദേശിവല്‍ക്കരണത്തിന് വിരുദ്ധമായി മൊബൈല്‍ കടകളില്‍ ജോലി ചെയ്ത മൂന്നു മലയാളികളെ സഊദി തൊഴില്‍ വകുപ്പ് പിടികൂടി. സഊദിയിലെ ദമ്മാം പ്രവിശ്യയിലെ മൊബൈല്‍ കടകളില്‍ വച്ചാണ് മലപ്പുറം സ്വദേശികളായ മൂന്നു പേരെ അധികൃതര്‍ പിടികൂടിയത്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇവരെ ഇപ്പോള്‍ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ പോലും നിയമിച്ചിരുന്നില്ലെന്നും സഊദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ സ്ഥാപനം ബിനാമിയായി നടത്തിയിരുന്നതാണോ എന്നതിനെ പറ്റിയും അന്വേഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇവരുടെ മോചനത്തിന് ഓരോ വ്യക്തിക്കും 20,000 റിയാല്‍ വരെ പിഴയടക്കേണ്ടിവരും.
മൊബൈല്‍ കടകളിലെ ജോലികളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. മൊബൈല്‍ വില്പന സ്വദേശികള്‍ക്കും റിപ്പയര്‍ ജോലികള്‍ വിദേശികള്‍ക്കുമായി തീരുമാനത്തില്‍ മാറ്റം വരുത്തുമെന്ന് വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയം അന്നു വിശദീകരണവുമായി രംഗത്തുവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."