മെഡിക്കല്‍: പരാതികള്‍ പരിഹരിക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: പരാതികള്‍ പരിഹരിച്ച് പ്രവേശനലിസ്റ്റ് പുനഃക്രമീകരിക്കാന്‍ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി ജയിംസ് കമ്മിറ്റി നിര്‍ദേശം നല്കി.
കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട് എന്നീ രണ്ടു കോളജുകള്‍ക്കാണ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നടത്താന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈന്‍ അപേക്ഷ നല്കിയ സമയത്ത് മതിയായ രേഖകളും ബാങ്ക് ഗ്യാരന്റിയും നല്‍കിയില്ലെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഈ കോളജുകള്‍ തള്ളിയിരുന്നു. സുപ്രിം കോടതിയും ജയിംസ് കമ്മിറ്റിയും കര്‍ശനമായി ആവശ്യപ്പെട്ട ഇന്റര്‍ സേ മെറിറ്റ് മാനദണ്ഡവും അട്ടിമറിക്കപ്പെട്ടതായി ആരോപണമുയര്‍ന്നു.
അസീസിയ മെഡിക്കല്‍ കോളജിന്റെ വെബ്സൈറ്റ് പരിശോധിച്ച ജയിംസ് കമ്മിറ്റിക്ക് ആകെ സ്വീകരിച്ച ഓണ്‍ലൈന്‍ അപേക്ഷകളുടെ എണ്ണം കണ്ടെത്താനായില്ല. എം.ബി.ബി.എസ് റാങ്ക്ലിസ്റ്റും ക്രമത്തിലല്ലായിരുന്നു. ലിസ്റ്റിലുണ്ടായിരുന്ന അഞ്ച് പേരുടെ നീറ്റ് റാങ്ക് ലിസ്റ്റ്, ഇന്റര്‍ സേ മെറിറ്റ് റാങ്ക് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചിരുന്നില്ല. ഉടനടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും പരാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ നാളെ വൈകുന്നേരം അഞ്ചുവരെ സമയം അനുവദിക്കാനും കമ്മിഷന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."