ജുഡീഷ്യല്‍ സര്‍വിസില്‍ നിന്ന് മൂന്ന് പേര്‍ കൂടി ഹൈക്കോടതി ജഡ്ജിമാരാകും
കൊച്ചി: കേരളാ ഹൈക്കോടതി ജഡ്ജിമാരായി ജുഡീഷ്യല്‍ സര്‍വിസിലുള്ള മൂന്നുപേരെ കൂടി നിയമിക്കാന്‍ തീരുമാനമായി. കേരളാ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ എ.എം ബാബു, തിരുവനന്തപുരം ജില്ലാ ജഡ്ജി ഷെര്‍സി, പത്തനംതിട്ട ജില്ലാ ജഡ്ജി സോമരാജന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ സര്‍വിസില്‍ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഉണ്ടാകും.
അഭിഭാഷകരായ ദേവന്‍ രാമചന്ദ്രന്‍, സതീഷ് നൈാന്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ഒരുമിച്ചാണ് ഉണ്ടാവുക.
കാഞ്ഞിരപ്പള്ളി എട്ടുപങ്കില്‍ എ.എം ബാബു പരേതരായ ഡോ. ടി.എച്ച് മുഹമ്മദ് ഖാന്റെയും ഖദീജയുടെയും മകനാണ്. ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്നും ബിരുദം നേടിയ ബാബു ഉടുപ്പി ലോകോളജില്‍ നിന്നും നിയമ ബിരുദം നേടി. 1981ല്‍ എന്റോള്‍ ചെയ്ത ശേഷം കോട്ടയത്ത് പ്രാക്ടീസ് ആരംഭിച്ചു.
1988ല്‍ കോഴിക്കോട് മുനിസിഫ് ആയി ജുഡീഷ്യല്‍ സര്‍വിസില്‍ പ്രവേശിച്ചു. കാസര്‍കോട്, കൊച്ചി, ഒറ്റപ്പാലം, തിരുവല്ല എന്നിവിടങ്ങളില്‍ സബ് ജഡ്ജിയായി. 2002 ല്‍ ജില്ലാ ജഡ്ജിയായി. 2010ല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ അഡീഷണല്‍ ഡയറക്ടറായി. 2012 മുതല്‍ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയാണ്. ഭാര്യ സി.എം റംല. രണ്ടു മക്കളുണ്ട്. കൊല്ലം ജില്ലയിലെ മാടന്‍നട പുളിമൂട്ടില്‍ പരേതനായ പുരുഷോത്തമന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനാണ് പി സോമരാജന്‍(54). 2014 മുതല്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയാണ്. ഇതിനു മുന്‍പ് ആലപ്പുഴ ജില്ലാ ജഡ്ജി, കോട്ടയത്ത് സ്‌പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മിഷണര്‍, തിരുവനന്തപുരത്ത് അഡീഷണല്‍ ജില്ലാ ജഡ്ജ്, സെഷന്‍സ് ജഡ്ജ്, വടക്കന്‍ പറവൂരിലും പാലക്കാട്ടും അഡീഷണല്‍ ജില്ലാ ജഡ്ജ്, സെഷന്‍സ് ജഡ്ജ്, എം.എ.സി.ടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കൊല്ലം എസ്.എന്‍ കോളജിലായിരുന്നു ഡിഗ്രി പഠനം. തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. 1988 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2001 ല്‍ ജില്ലാ, സെഷന്‍സ് ജഡ്ജിയായി നിയമിതനായി.
എസ് ശാന്തകുമാരിയാണ് ഭാര്യ. മാവേലിക്കര വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ ലക്ചററായ തുഷാര, നിയമപഠനം പൂര്‍ത്തിയാക്കിയ സരയു എന്നിവരാണ് മക്കള്‍.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായ വി. ഷെര്‍സി നേരത്തെ കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്നിട്ടുണ്ട്. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വിസസ് അഥോറിറ്റി ആന്‍ഡ് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍പേഴ്‌സനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."