സ്കോള്‍ കേരള പ്ലസ്വണ്: 81069 അപേക്ഷകര്‍; കാല് ലക്ഷത്തിലധികം പേര് മലപ്പുറത്തുനിന്ന്
മലപ്പുറം: സ്കോള്‍ കേരള മുഖേന 2016-18 ബാച്ച് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള നടപടികള്‍ അവസാനിച്ചു. 250 രൂപ അധികപിഴയോടെ അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ രീതികളിലായി സംസ്ഥാനത്താകെ 81069 വിദ്യാര്‍ഥികളാണ് വിവിധ ജില്ലകളില്‍ നിന്നും അപേക്ഷ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം 84120 ഉം 2014 ല്‍ 80,626 ഉം വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് അപേക്ഷകരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ അധികമായിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ലഭിക്കാത്ത വിദ്യാര്‍ഥികളാണ് പ്രധാനമായും സ്കോള്‍ കേരളയെ ആശ്രയിക്കുന്നത്. പൊതുമേഖലയില്‍ വേണ്ടത്ര പ്ലസ് വണ്‍ സീറ്റുകളില്ലാത്ത മലബാറില്‍ നിന്നാണ് സ്കോള്‍ കേരളയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ അപേക്ഷകരുള്ളത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍നിന്നു മാത്രമായി 58637 പേരാണ് സ്കോള്‍ കേരളയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആകെ അപേക്ഷകരുടെ 72 ശതമാനമാണിത്. സംസ്ഥാനത്തുള്ള ആകെ അപേക്ഷകരുടെ 32 ശതമാനം പേര് മലപ്പുറം ജില്ലക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."