നിയമസഭാ സമ്മേളനം 26 മുതല്‍
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 26ന് ആരംഭിക്കും. 29 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന്റെ മുഖ്യ അജണ്ട 2016-17 വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പാസാക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ഭേദഗതി ബില്‍, കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്‍ എന്നിവ സഭയുടെ പരിഗണനയ്ക്കായി എത്തും. ബജറ്റിലെ ധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി അഞ്ച് ദിവസവും മാറ്റിവച്ചിട്ടുണ്ട്. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച ഒക്ടോബര്‍ 27 നും ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ച 31 നും നടക്കും.
സഭ തുടങ്ങുന്ന 26 ന് തന്നെയാകും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ബില്ലും അടിസ്ഥാന സൗകര്യനിക്ഷേപ നിധി ബില്ലും പരിഗണിക്കുക.
സഭയില്‍ സമര്‍പ്പിക്കപ്പെടുന്ന സഭാസമിതി റിപ്പോര്‍ട്ടുകളില്‍ വളരെ പ്രാധാന്യമുള്ളവ നിയമസഭാ നടപടിക്രമവും ചട്ടവും അനുസരിച്ച് ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തുമെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം 58 പ്രകാരമുള്ള പൊതു പ്രാധാന്യമുള്ള വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കും. കേരളാ ധനകാര്യബില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ സമ്മേളനത്തില്‍ത്തന്നെ പാസാക്കും. പുതുതായി നടപ്പാക്കാന്‍ പോകുന്ന ചരക്കുസേവന നികുതി നിയമത്തിലെ വ്യവസ്ഥകളേയും പ്രസ്തുത നിയമങ്ങളേയും നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങളേയും സംബന്ധിച്ച് ഈ മാസം 29ന് സഭാസമ്മേളനത്തിന് ശേഷം സെമിനാര്‍ സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. ഡോ:തോമസ് ഐസക്കാകും സെമിനാര്‍ അവതരിപ്പിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ 10ന് നിയമസഭാ സമ്മേളനം അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."