അമിതവേഗതയ്ക്കും അശ്രദ്ധയ്ക്കുമെതിരേ സുപ്രിം കോടതി
അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്നു സുപ്രിം കോടതി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വാഹനമോടിച്ചു മരണത്തിനിടയാക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരവും മോട്ടോര്‍വാഹനനിയമത്തിലെ 184 വകുപ്പു പ്രകാരം പരമാവധി ശിക്ഷ രണ്ടുവര്‍ഷം തടവും പിഴയുമാണ്. ഇത് അപര്യാപ്തമാണെന്നാണു കോടതിയുടെ പക്ഷം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കര്‍ശനമായും വിലക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രിം കോടതിയുടെ നിര്‍ദേശം സര്‍ക്കാറിനെ അറിയിക്കുമെന്നും നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെടുമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചു. സര്‍ക്കാറിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയുമെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.
നിലവിലുള്ള ലഘുശിക്ഷ മാറ്റിയെഴുതിയേ തീരൂ. റോഡ് ഗതാഗതം സുഗമമാക്കാനും പെരുകുന്ന റോഡപകടങ്ങള്‍ക്ക് അറുതിവരുത്താനും കേന്ദ്ര ഗതാഗതവകുപ്പു നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല. കഴിഞ്ഞ ജൂണില്‍ ഗതാഗതമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇന്ത്യയില്‍ ഒരുദിവസം ശരാശരി നാനൂറോളം പേര്‍ റോഡപകടത്തില്‍ മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മറ്റ് ഏത് അത്യാഹിതത്തേക്കാളും കൂടുതലാണ് റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണമെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
നമ്മുടെ റോഡുകള്‍ അക്ഷരാര്‍ഥത്തില്‍ കുരുതിക്കളമാകുന്നുണ്ടെന്നര്‍ഥം. ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണു കേരളം. ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്നതു തമിഴ്‌നാട്ടിലാണെങ്കിലും ഗുരുതരമായി പരുക്കേറ്റ് അംഗഭംഗം വരുന്നവരുടെ എണ്ണത്തില്‍ കേരളത്തിനാണ് ഒന്നാംസ്ഥാനം. ലോകത്തെ സുരക്ഷിതമല്ലാത്ത റോഡുകളുടെ കാര്യത്തില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്.
2015 ല്‍ 1,46,133 പേരാണ് ഇന്ത്യയില്‍ റോഡപകടത്തില്‍ മരിച്ചത്. 2014 ലേതിനേക്കാള്‍ 4.6 ശതമാനം കൂടുതലാണത്. കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവര്‍ 61,409 ആണ്. 2015ല്‍ ഏറ്റവുമധികം പേര്‍ റോഡപകടങ്ങളില്‍ മരിച്ച സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. സുപ്രിംകോടതി നിരീക്ഷിച്ചതുപോലെ റോഡപകടങ്ങളുണ്ടാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതു ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിതവേഗതയുമാണെന്നു ഗതാഗതമന്ത്രാലയവും പറയുന്നു.
റോഡപകടങ്ങളില്‍ 77.1 ശതമാനവും ഉണ്ടാകുന്നതു ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണെന്നാണു കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു മന്ത്രാലയം പറയുന്നത്. മദ്യപിച്ചും ഉറക്കംതൂങ്ങിയുമുള്ള ഡ്രൈവിങ് അപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും അശ്രദ്ധയോളം വരുന്നില്ല അവയൊന്നും. 2014 ല്‍നിന്നു 2015 ലേയ്‌ക്കെത്തുമ്പോള്‍ റോഡപകടങ്ങളുടെ തോത് 4.6 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.
നഗരങ്ങളില്‍ 35 കിലോമീറ്ററില്‍ക്കൂടുതല്‍ വേഗതപാടില്ലെന്നാണു നിയമം. പലരും ഇതു പാലിക്കാതെ അശ്രദ്ധമായി അമിതവേഗതയില്‍ വണ്ടിയോടിക്കുന്നതു പതിവാണ്. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെയും കണക്കുകള്‍ മെയ് മാസത്തില്‍ ഗതാഗതമന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഭാഗത്തുനിന്ന് അപകടങ്ങള്‍ കുറയ്ക്കാന്‍ പര്യാപ്തമായ നടപടികളൊന്നുമുണ്ടായില്ല. അശ്രദ്ധയോടെ വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ, മോട്ടോര്‍ വാഹന നിയമത്തിലെ 184 വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതുകൊണ്ടാണു പലരും കേസില്‍നിന്നു നിഷ്പ്രയാസം രക്ഷപ്പെട്ടുപോരുന്നത്.
ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെടുന്നതുപോലെ കടുത്ത ശിക്ഷ ഉറപ്പാക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതൊരു ഗുണപാഠമാവുകയും അപകടങ്ങള്‍ ഗണ്യമായ നിലയില്‍ കുറയുകയും ചെയ്യും. അമിതവേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി അടുത്തകാലത്തായി ആരംഭിച്ചിട്ടുണ്ടെങ്കിലും ഗുണമുണ്ടായിട്ടില്ല. റദ്ദായിപ്പോകുന്ന ലൈസന്‍സുകള്‍ക്കുപകരം മറ്റൊന്നു സംഘടിപ്പിച്ച് അവര്‍ വീണ്ടും റോഡുകളില്‍ മരണപ്പാച്ചില്‍ നടത്തുന്നു.
അശ്രദ്ധയോടെ വാഹനമോടിച്ചു ശിക്ഷിക്കപ്പെട്ട് ലൈസന്‍സുകള്‍ റദ്ദായിപ്പോയ ഡ്രൈവര്‍മാരുടെ പേരുവിവരങ്ങള്‍ രാജ്യത്തെ എല്ലാ ആര്‍.ടി ഓഫിസുകളിലും പ്രദര്‍ശിപ്പിക്കപ്പെടുകയാണെങ്കില്‍ വ്യാജലൈസന്‍സ് സംഘടിപ്പിക്കുന്നത് ഒരുപരിധിവരെ ഒഴിവാക്കാനാകും. ഇത്തരം കേസുകളില്‍ ഇപ്പോള്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണു കുറ്റം ചുമത്തുന്നത്. അശ്രദ്ധ മനഃപൂര്‍വമായതിനാല്‍ മനഃപൂര്‍വമുള്ള നരഹത്യക്കാണു കേസ് എടുക്കേണ്ടത്. വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ് നിരപരാധികളായ മനുഷ്യരെ അമിതവേഗതയില്‍ ഓടിച്ചുവരുന്ന വാഹനങ്ങള്‍ക്കൊണ്ടു കൊല്ലുന്നത്.
വധശിക്ഷ അര്‍ഹിക്കും വിധമുള്ളതോ മരിക്കുംവരെയുള്ള കഠിന തടവോ ലഭിക്കുന്ന നിയമഭേദഗതി പ്രാബല്യത്തില്‍ വരുമ്പോള്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ക്കു ശമനം വരൂ. നിലവിലുള്ള നിയമങ്ങള്‍ അശ്രദ്ധമൂലമുള്ള ഡ്രൈവിങ്് തടയാന്‍ കഴിയാത്തതുകൊണ്ടാണല്ലോ സുപ്രിംകോടതി തന്നെ നിയമഭേദഗതിക്കായി കേന്ദ്രസര്‍ക്കാറിനോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വന്തംജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തികൊണ്ടിരിക്കുന്ന ഇത്തരം അപകടങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അസന്നിഗ്ദ്ധമായി പറയുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് നിയമഭേദഗതി ഉണ്ടാകുമെന്നു കരുതാം. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി സുപ്രിം കോടതിക്കു നല്‍കിയ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."