പെല്ലറ്റ് തോക്ക് നിരോധിക്കാനാവില്ലെന്ന് ജമ്മുകശ്മിര്‍ ഹൈക്കോടതി
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സുരക്ഷാസേന ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ നിരോധിക്കാനാവില്ലെന്ന് ജമ്മു കശ്മിര്‍ ഹൈക്കോടതി. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം നടത്തിയ നടപടികള്‍ ശരിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മിര്‍ ബാര്‍ അസോസിയേഷനാണ് ഹരജി സമര്‍പ്പിച്ചത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഏത് തരത്തിലുള്ള മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും അതത് മേഖലകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു.
പെല്ലറ്റ് തോക്ക് നിരോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പെല്ലറ്റ് തോക്ക് നിരോധിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെല്ലറ്റ് തോക്കിന്റെ പ്രയോഗം മൂലം പരുക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ നല്‍കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
അതിനിടെ ജമ്മു കശ്മിരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഉറി ആക്രമണത്തിനുപിന്നാലെ തിരച്ചില്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെയാണ് വിവിധസ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായത്. വടക്കന്‍ കശ്മിരിലെ ബന്ദിപോറില്‍ ഇന്നലെ രാവിലെ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി. ബന്ദിപ്പോറിലെ അരാഗം ഗ്രാമത്തിലാണ് സംഭവം. ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഗ്രാമം വളയുകയായിരുന്നു. ഗ്രാമത്തിലെ വനമേഖലയ്ക്ക് അടുത്തുള്ള ഒരു വീട് സൈന്യം വളഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."