സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തു; അമാനത്തുല്ലയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ സോംനാഥ് ഭാരതിയെ പൊലിസ് അറസ്റ്റു ചെയ്തു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ലെ സുരക്ഷാ ജീവനക്കാരോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പീഡനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആപ്പ് എം.എല്‍.എ അമാനത്തുല്ല ഖാനെ അറസ്റ്റ് ചെയ്തിരുന്നു. സോംനാഥ് ഭാരതിയും മുന്നൂറോളം വരുന്ന പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. എയിംസിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന് നല്കിയ പരാതിയിലാണിത്. സെക്യൂരിറ്റിക്കാരെ മര്‍ദിച്ച് സര്‍ക്കാര്‍ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍, പൊതുറോഡ് ആശുപത്രി അധികൃതര്‍ കൈയേറി പാര്‍ക്കിങ് സ്ഥലമാക്കിയെന്നാണ് ഭാരതിയുടെ ആരോപണം.
നേരത്തേയും നിരവധി വിവാദങ്ങളില്‍ ഭാരതി പെട്ടിരുന്നു. 2013ലെ ആദ്യ എ.എ.പി മന്ത്രിസഭയില്‍ അംഗമായിരിക്കെ ആഫ്രിക്കന്‍ പൗരന്മാര് താമസിക്കുന്ന വീടുകളില്‍ മയക്കുമരുന്ന് വേട്ട നടത്തിയതും ഭാര്യ ലിപിക ശര്‍മ നല്കിയ ഗാര്‍ഹിക പീഡന കേസില്‍ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."