രോഗിയായ വയോധികയെ പേരക്കുട്ടിയുടെ മുന്നിലിട്ട് പീഡിപ്പിച്ചു
വടക്കാഞ്ചേരി: വൃക്കരോഗിയായ വയോധികയെ അഞ്ചു വയസുകാരിയായ പേരക്കുട്ടിയുടെ മുന്നിലിട്ട് പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ രണ്ടുപേര്‍ പിടിയില്‍.
പരുക്കേറ്റ 58 കാരിയെ വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ചേര്‍ന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മുള്ളൂര്‍ക്കര പഞ്ചായത്തിലെ മണ്ണുവെട്ടത്താണ് ക്രൂരവും മൃഗീയവുമായ പീഡനം നടന്നത്.
വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസികളായ കൊണ്ടാഴി പ്ലാക്കല്‍ ഉമ്മര്‍ (65), ചെറക്കോട് വീട്ടില്‍ നാരായണന്‍ നായര്‍ (64) എന്നിവരെ വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. അസുഖബാധിതയായ വയോധിക മകളോടൊപ്പമാണ് കഴിയുന്നത്. തീരെ അവശയായ ഇവര്‍ കിടക്കയില്‍നിന്ന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. മകള്‍ പുറത്തുപോയ സമയത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഉമ്മറും നാരായണന്‍ നായരും വയോധികയെ കിടക്കയില്‍നിന്ന് താഴേക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു.
വയോധികയും പേരക്കുട്ടിയും ഉറക്കെ കരഞ്ഞെങ്കിലും വാതില്‍ കുറ്റിയിട്ടതിനാല്‍ ആരും കേട്ടില്ല. മകള്‍ തിരിച്ചെത്തിയപ്പോള്‍ വയോധിക അവശനിലയിലായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മയെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ചില ബാഹ്യസമ്മര്‍ദങ്ങളെ തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളജിലേക്കു പോകാതെ വീട്ടിലേക്ക് മടങ്ങിപോവുകയായിരുന്നു.
പണംനല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വീട്ടില്‍ തിരിച്ചെത്തിയ വയോധികയുടെ ആരോഗ്യനില വൈകിട്ടോടെ വഷളാവുകയും ചെയ്തതോടെ നാട്ടുകാര്‍ ആക്ട്‌സ് മുള്ളൂര്‍ക്കര ബ്രാഞ്ച് പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍നിന്ന് ആംബുലന്‍സെത്തിച്ചാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
സംഭവത്തെ കുറിച്ച് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വയോധിക ആക്രമിക്കപ്പെട്ടതായും പീഡനത്തിനിരയായതായും കണ്ടെത്തി. പരിശോധനാ ഫലങ്ങളും പീഡനം നടന്നതിന് തെളിവായി.
ഇതിനുമുന്‍പും പ്രതികള്‍ വീട്ടമ്മയെ അക്രമിക്കാന്‍ ശ്രമം നടത്തിയതായി നാട്ടുകാര്‍ പൊലിസിന് മൊഴിനല്‍കി. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."