'ഐ.ടി.ഐകളെ മള്‍ട്ടി സ്‌കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളായി ഉയര്‍ത്തും'
ന്യൂഡല്‍ഹി: ഐ.ടി.ഐകളെ മള്‍ട്ടി സ്‌കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളായി ഉയര്‍ത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാജീവ് പ്രതാപ് റൂഡി, ബന്ദാരു ദത്താത്രേയ, ജെ.പി നഡ്ഡ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം സമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന കേന്ദ്രങ്ങളെ മാതൃകാ നൈപുണ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള മാര്‍ഗരേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം പുറപ്പെടുവിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളാ അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് കോഴ്‌സുകള്‍ക്ക് ഓട്ടോമാറ്റിക് അഫിലിയേഷനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ഐ.ടി.ഐകളില്‍ നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും എന്‍.സി.വി.ടി അഫിലിയേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. കേന്ദ്രമന്ത്രി വൈകാതെ കേരളം സന്ദര്‍ശിച്ച് ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
ഇ.എസ്.ഐ കോര്‍പറേഷനില്‍നിന്ന് കേരളത്തിന് ലഭിക്കാനുള്ള 56 കോടി ഒരു മാസത്തിനകം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഉറപ്പുനല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ സ്വന്തമായി സ്ഥലസൗകര്യമുള്ളവ തിരഞ്ഞെടുത്ത് ആറുവീതം കിടക്കകളുള്ള ആശുപത്രികളായി വികസിപ്പിക്കും.
സംസ്ഥാനവ്യാപകമായി ആരംഭിക്കുന്ന ലഹരിവര്‍ജന പ്രചാരണങ്ങള്‍ക്കും ജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ക്കുമായി കേരളം ആവശ്യപ്പെട്ട 100 കോടി ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പുനല്‍കിയിട്ടുണ്ട്.
തോട്ടം മേഖലയിലെയും വിവിധ ക്ഷേമനിധികളിലുള്‍പ്പെട്ട തൊഴിലാളികളെയും ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
തൊഴില്‍ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, നികുതി വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി മാരാ പാണ്ഡ്യന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."