ചെങ്കുളം പവര്‍ ഹൗസിലെ സര്‍ജ് ടാങ്കില്‍ വന്‍ ചോര്‍ച്ച
തൊടുപുഴ : ചെങ്കുളം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളമെത്തിക്കുന്ന പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ സര്‍ജ് ടാങ്കില്‍ ചോര്‍ച്ച. വെള്ളത്തൂവലിന് സമീപം എല്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന 40 അടി ഉയരവും, 30 മീറ്റര്‍ വ്യാസവും ഉള്ള സര്‍ജ് ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ടാങ്കില്‍ നിരവധി സ്ഥലങ്ങളില്‍ ചോര്‍ച്ച രൂപപ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി പരിശോധന നടത്തി. ടാങ്കില്‍ നിന്നും വെളളം അനധികൃതമായി ഹോസുപയോഗിച്ച് സമീപത്തെ വീടുകളിലേക്ക് കൊണ്ടുപോകുന്നതും കണ്ടെത്തി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
48 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ചെങ്കുളം പവര്‍ ഹൗസ് വെള്ളത്തൂവലിലാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ഉല്‍പാദനത്തിനായി ടണല്‍ വഴിയാണ് ചെങ്കുളം ഡാമില്‍ നിന്നും ഇവിടെ വെള്ളം എത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ബട്ടര്‍ഫ്‌ളൈ വാല്‍വ് അടയ്‌ക്കേണ്ടി വരുമ്പോള്‍ വെള്ളത്തിന്റെ മര്‍ദ്ദം കുറയ്ക്കാനുള്ള സംവിധാനത്തിന്റെ ഭാഗമാണ് സര്‍ജ് ടാങ്ക്. മര്‍ദ്ദം ക്രമീകരിക്കുന്നതിനായുള്ള സേഫ്ടി വാല്‍വ് ഉള്‍പ്പെടെ സര്‍ജ് ടാങ്കിനോട് ചേര്‍ന്നാണ്. 1954 ല്‍ കമ്മിഷന്‍ ചെയ്ത പദ്ധതിയുടെ സര്‍ജ് ടാങ്കിന് അത്ര തന്നെ പഴക്കമുണ്ട്. പവര്‍ഹൗസിനു മുകള്‍ ഭാഗത്തായി ഒരു കിലോമീറ്ററോളം മാറിയാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. 1950 കാലഘട്ടത്തിലാണ് പെന്‍സ്റ്റോക്ക് പൈപ്പുലൈനുകള്‍ സ്ഥാപിച്ചത്.
ചെങ്കുളം ഡാമിനും ചെങ്കുളം പവര്‍ഹൗസിനും ഇടയില്‍ 364 ജോയിന്റുകളാണുള്ളത്. 82 ബോള്‍ട്ടുകളും 82 ബീറ്റും ഉപയോഗിച്ചാണ് ഇവ ബന്ധിപ്പിച്ചിരിക്കുന്നത്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ബീറ്റുകള്‍ ദ്രവിച്ച നിലയിലാണ്. പല ജോയിന്റുകളിലും വെള്ളം ലീക്കാകുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്. ബട്ടര്‍ഫ്‌ളൈ വാല്‍വ് തകരാറിലായതിനാല്‍ വാല്‍വ് അടച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനും കഴിയാത്ത സാഹചര്യമാണ്. സര്‍ജ് ടാങ്കിനും വൈദ്യുതി നിലയത്തിനുമിടയില്‍ വെള്ളത്തൂവല്‍, കുത്തുപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ നാലു വാര്‍ഡുകളിലായി അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചോര്‍ച്ചയെ കുറിച്ചുള്ള വിവരം സമീപവാസികള്‍ നാലു ദിവസം മുന്‍പ് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പന്നിയാര്‍ പവര്‍ ഹൗസില്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ച ദുരന്തം ഇതിന് സമീപത്താണ് നടന്നത്. സമാനമായ രീതിയില്‍ മറ്റൊരു ദുരന്തത്തിന് കളമൊരുങ്ങിയിട്ടും അധികൃതര്‍ നിഷ്‌ക്രിയമാണെന്ന് ആക്ഷേപമുണ്ട്.
മാട്ടുപ്പെട്ടി, മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്‌സ് ഡാം എന്നിവിടങ്ങളിലെ വെള്ളം പെന്‍സ്‌റ്റോക്ക് വഴി പള്ളിവാസല്‍ പദ്ധതിയിലെത്തും. ഇവിടുത്തെ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പമ്പ് ചെയ്ത് ചെങ്കുളം ഡാമില്‍ എത്തിച്ചതിനു ശേഷമാണ് ചെങ്കുളം പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."