ജനങ്ങളുടെ പ്രതിഷേധം ശക്തം; മമ്പാട്ട് പെട്രോള്‍ പമ്പ് നിര്‍മാണം തടഞ്ഞു
മമ്പാട്: തോട്ടിന്റക്കരയില്‍ പുതുതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. കേവലം 300 മീറ്റര്‍ ദൂരത്ത് പാലത്തിങ്ങലില്‍ മറ്റൊരു പമ്പിന് നേരത്തെ അനുമതിയുണ്ടായിക്കെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തോട്ടിന്റക്കരയില്‍ മറ്റൊരു പമ്പ് സ്ഥാപിക്കാനൊരുങ്ങുന്നത്. പ്രതിഷേധം ശക്തമായതോടെ കുഴിയെടുക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കാന്‍ റവന്യൂ അധികൃതര്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് നല്‍കും. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് പരിസരവാസികളുടെ എതിര്‍പ്പ് അവഗണിച്ച് പമ്പ് സ്ഥാപിക്കുന്നത്. പമ്പ് സ്ഥാപിക്കുന്നതിന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അനുമതി ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കിണറുകളെയും പരിസരങ്ങളേയും ബാധിക്കുമെന്ന് കാണിച്ച് പമ്പ് സ്ഥാപിക്കുന്നതിനെതിരെ പരിസരവാസികളായ എന്‍.പി മുഹമ്മദ്, കാമ്പ്രത്ത് റഷീദ്, മുഹമ്മദ് മൂത്തേടത്ത് തുടങ്ങിയവര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ പമ്പ് സ്ഥാപിക്കുന്നതിന് മൗനാനുവാദം നല്‍കുകയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നതെന്നും പൊലിസ് സഹായത്തോടെ പ്രവൃത്തി തടയുമെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം ആദ്യം അപേക്ഷ കൊടുത്തതും അനുമതി ലഭിച്ചതും ഈ പമ്പിനാണെന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയാണ് പമ്പ് സ്ഥാപിക്കുന്നതെന്നും പമ്പ് ഉടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."