കെ.എസ്.ആര്.ടി.ഇ.എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഇന്ന്
മലപ്പുറം: കെ.എസ്.ആര്.ടി എംപ്ലോയീസ് അസോസിയേഷന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഇന്നു മലപ്പുറത്തു നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരത്തു ചേരുന്ന അഴീക്കോടന്‍ അനുസ്മരണ സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ടൗണ്‍ ഹാളില്‍ ചേരുന്ന കൗണ്‍സില്‍ യോഗം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ ദിവാകരന് പങ്കെടുക്കും.
സംസ്ഥാനത്തെ ജനങ്ങളുടെ യാത്രാ ക്ലേശത്തിനു പരിഹാരം കാണാനും കെ.എസ്.ആര്.ടി.സിയെ പൊതുമേഖലയില്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്കുന്ന ചര്‍ച്ചകളും തീരുമാനങ്ങളും കൗണ്സിലിലുണ്ടാവും. അടുത്ത അഞ്ചു വര്‍ഷത്തേക്കു സംഘടനാ തലത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു കോര്‍പ്പറേഷനു വേണ്ടി നടത്തിയ പര്‍ച്ചേസിംഗ്, ഓണ്‍ലൈന്‍ ബുക്കിംഗ് മാറ്റി നല്‍കിയത് എന്നിവയിലുണ്ടായ അഴിമതിയെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും
ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 300 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി വി.ശാന്തകുമാര്‍, സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി.പ്രഭാകരന്, സ്വാഗത സംഘം കണ്‍വീനര്‍ കെ.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."