നദീസംരക്ഷണ സന്ദേശവുമായി ദീര്‍ഘദൂര കയാക്കിങ് യാത്ര ഇന്ന്
നിലമ്പൂര്‍: സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ ദീര്‍ഘദൂര കയാക്കിങ് സംഘടിപ്പിക്കും. ചാലിയാര്‍ റിവര്‍ ചലഞ്ച്-2016 എന്ന പേരില്‍ നടത്തുന്ന കയാക്കിങ് യാത്ര ഇന്ന് ഉച്ചയ്ക്കു രണ്ടിന് നിലമ്പൂരില്‍ നിന്ന് ആരംഭിക്കും. യാത്ര 25ന് വൈകുന്നേരം അഞ്ചിന് ബേപ്പൂരില്‍ സമാപിക്കും. ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെയും കേരളടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യാത്രയുടെ ഉദ്ഘാടനം മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള കടവില്‍ ഉച്ചയ്ക്ക് രണ്ടിന് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍വഹിക്കും. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍, മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
ലിംക ബുക്ക്ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ യാത്രയില്‍ പങ്കെടുക്കും. നദികളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ്‌വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകനായ കൗശിക്ക് കോടിത്തോടി പറഞ്ഞു. കേരളത്തില്‍ നിന്നു തുടങ്ങുന്ന ഈ മുന്നേറ്റം രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്ന് കയാക്കിങ് താരം കൗസ്തുബ് കാഡെയും പറഞ്ഞു.
രാവിലെ അഞ്ചു മുതല്‍ 12 വരെയും വൈകിട്ട് മൂന്നു മുതല്‍ ആറു വരെയുമാണ് കയാക്കിങ് ഉണ്ടാവുക.
യാത്രയുടെ ഭാഗമായി ചാലിയാര്‍ നദിയിലെ മാലിന്യം ശേഖരിക്കും. പിന്നീട് അതിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുമെന്നും ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. നദിയുടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വിവിധ തരംജലകായികവിനോദങ്ങളെ പരിചയപ്പെടുത്താനും ഈ യാത്ര ഉപയോഗിക്കും. കയാക്കില്‍ ചാലിയാര്‍പുഴയിലിറങ്ങുന്നവരെല്ലാം ശേഖരിക്കുന്ന മാലിന്യംവേര്‍തിരിച്ച് റീസൈക്ലിങ്ങിന് അയക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും ഷൈജല്‍പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയാണ് മാലിന്യ പ്രശ്‌നം. മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കേരള ടൂറിസം ഡയറക്ടര്‍ യു.വി ജോസ്അഭിപ്രായപ്പെട്ടു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായിമ്യൂസിക് ഫെസ്റ്റും അരങ്ങേറും.യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളില്‍ കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പലതരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണയാത്ര ജെല്ലിഫിഷ് രണ്ടാംതവണയാണ് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."