ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം സ്ഥാനം
ഗബാല (അസര്ബൈജാന്): ഐ.എസ്.എസ്.എഫ് ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. ഒന്‍പത് സ്വര്‍ണം അഞ്ചു വെള്ളി 10 വെങ്കല മെഡലുകള്‍ നേടി 24 മെഡലുകളുമായാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. റഷ്യയാണ് ഒന്നാമത്. അവസാന ദിനത്തില്‍ ഇന്ത്യ ഒരു വെങ്കല മെഡലാണ് നേടിയത്. പുരുഷന്മാരുടെ ട്രാപ് ടീമിനത്തിലാണ് ഇന്ത്യയുടെ വെങ്കല നേട്ടം. ലക്ഷ്യ, കിസ്മത്, മാനവാദിത്യ സിങ് റാഥോഡ് എന്നിവരാണ് മെഡല്‍ നേടിയത്. നേരത്തെ നാലാം ദിനത്തില്‍ ഇന്ത്യ മൂന്നു സ്വര്‍ണമടക്കം അഞ്ചു മെഡലുകള്‍ നേടിയിരുന്നു. 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ പുരുഷ, വനിതാ ടീമുകളാണ് സ്വര്‍ണം സ്വന്തമാക്കിയത്. 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലാണ് മറ്റൊരു സുവര്‍ണ നേട്ടം. ഇന്ത്യയുടെ അഹ്നദ് ജവാന്ഡയാണ് സുവര്‍ണ താരമായത്. പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റളില്‍ അഹ്നദ്, അര്ജുന് ദാസ്, ഗുര്‍മീത് എന്നിവരടങ്ങിയ ടീമും വനിതകളുടെ വിഭാഗത്തില്‍ ചിന്‍കി യാദവ്, ഗൗരി ഷോരന്‍, സഞ്ജന ഷെരാവത് എന്നിവരടങ്ങിയ ടീമുമാണ് സ്വര്‍ണം നേടിയത്. 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഗുര്‍മീത് വെള്ളി നേടി. വനിതകളുടെ ട്രാപ് ടീമിനത്തില്‍ പ്രഗതി ഗുപ്ത, സൗമ്യ ഗുപ്ത, മനിഷ കീര്‍ എന്നിവരടങ്ങിയ ടീം വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."