ഫോര്‍ലാനില്‍ രക്ഷകനെ തേടി മുംബൈ
ഡീഗോ ഫോര്‍ലാന്‍ എന്ന സ്വര്‍ണത്തലമുടിക്കാരന്‍ ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ മുംബൈ സിറ്റി എഫ്.സിയുടെ രക്ഷകനാകുമോ? ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം നല്‍കി ഡീഗോ ഫോര്‍ലാനെ മുംബൈ മാര്‍ക്വീ താരമായി ടീമില്‍ എത്തിച്ചത് തിരിച്ചു വരവിനൊരുങ്ങി തന്നെയാണ്.
മികച്ച വിദേശ- സ്വദേശി താരനിരയെ കളത്തിലിറക്കിയിട്ടും കഴിഞ്ഞ രണ്ടു സീസണിലും മുംബൈയ്ക്ക് പച്ച തൊടാനായില്ല. പ്രഥമ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈയ്ക്ക് രണ്ടാം പതിപ്പില്‍ സെമി ഫൈനല്‍ പോലും മോഹിക്കാനാവാതെ ആറാം സ്ഥാനക്കാരാകേണ്ടി വന്നു. മൂന്നാം പതിപ്പിലേക്ക് എത്തുമ്പോള്‍ ലക്ഷ്യമിടുന്നത് സെമി ഫൈനലിന് അപ്പുറമാണ്. ആ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് ടീമിനെ അടിമുടി അഴിച്ചു പണിതത്.
ആദ്യം തന്നെ മാര്‍ക്വീ താരവും മുഖ്യ പരിശീലകനുമായിരുന്ന ഫ്രഞ്ച് താരം നിക്കോളസ് അനല്‍ക്കയെ പറഞ്ഞു വിട്ടു. കാല്‍പന്തുകളിയിലെ മിന്നും താരമായ ഡീഗോ ഫോര്‍ലാനെ തന്നെ പകരക്കാരനായി എത്തിച്ചു. 2010 ല്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ മികച്ച താരത്തിനുള്ള സ്വര്‍ണ പന്തിന് ഉടമയാണ് ഉറുഗ്വെക്കാരനായ ഫോര്‍ലാന്‍. ഇത്തവണ ഐ.എസ്.എല്ലിലെ സൂപ്പര്‍ താരം ഫോര്‍ലാനാണ്. കഴിഞ്ഞ രണ്ടു സീസണിലും കടലാസില്‍ കരുത്തന്‍മാരായിരുന്ന മുംബൈയ്ക്ക് കളിക്കളത്തില്‍ ആ മികവ് പുറത്തെടുക്കാനായിരുന്നില്ല. സൂപ്പര്‍ താരങ്ങളായ നിക്കോളാസ് അനല്‍ക്ക, സ്വീഡന്റെ ഫ്രെഡിക് ലുങ്ബര്‍ഗ്, ജര്‍മനിയുടെ സെന്റര്‍ ബാക്ക് മാനുവല്‍ ഫ്രെഡ്രിച്ച് എന്നിവരാണ് മുംബൈയ്ക്കായി കളിക്കളത്തില്‍ ബൂട്ടുകെട്ടിയത്. എന്നാല്‍, ഫലം നിരാശ മാത്രമായിരുന്നു. രണ്ടാം പതിപ്പില്‍ 14 മത്സരങ്ങളില്‍ നാലു ജയം നാലു സമനില ആറു തോല്‍വി എന്നതായിരുന്നു ബാക്കിപത്രം.
തന്ത്രമോതാന്‍ ഗ്വിമാരെസിന്‍
കോസ്റ്റ റിക്ക, പനാമ ദേശീയ ടീമുകളുടെ പരിശീലകനായിരുന്ന കോസ്റ്റ റിക്കയുടെ മുന്‍ ദേശീയ താരം അലക്‌സാന്‍ഡ്രെ ഗ്വിമാരെസിനാണ് ഇത്തവണ മുംബൈയെ കളി പഠിപ്പിക്കുന്നത്.
ഇന്ത്യയുടെ അലക്‌സ് ആംബ്രോസും ബ്രസീലില്‍ നിന്നെത്തിയ ജൂലിയാനോ ഫൊണ്‍ടാനയും സഹ പരിശീലകര്‍. തീര്‍ന്നില്ല ഗോള്‍ കീപ്പിങ് പരിശീലകനായി സ്‌പെയിന്‍കാരനായ മാര്‍ട്ടിന്‍ റ്യുയിസും. കടലാസില്‍ ഇത്തവണയും മുംബൈ താരസമ്പന്നരാണ്. കടലാസിലെ പുലികള്‍ കളിക്കളത്തില്‍ വേട്ടക്കാരാവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
മുന്നേറ്റത്തിലെ പ്രതീക്ഷ ഫോര്‍ലാന്‍ മാത്രമല്ല ഛേത്രിയും
ഡീഗോ ഫോര്‍ലാന്‍ 2015 മാര്‍ച്ചില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു ബൂട്ടഴിച്ച താരമാണ്. ഐ.എസ്.എല്ലിലെ വമ്പന്‍ താരങ്ങളില്‍ പലരും സട കൊഴിഞ്ഞ സിംഹങ്ങളാണ്. എന്നാല്‍ ഫോര്‍ലാന്‍ പോരാട്ടവീര്യമുള്ള യോദ്ധാവ് തന്നെ.
കൗമാരത്തില്‍ ഫുട്‌ബോള്‍ കരിയര്‍ വെട്ടിപ്പിടിച്ച ഉറുഗ്വെന്‍ ക്ലബ് പെനറോളില്‍ തന്നെ കഴിഞ്ഞ സീസണില്‍ പന്തു തട്ടിയാണ് ഫോര്‍ലാന്‍ മുംബൈയില്‍ എത്തിയിരിക്കുന്നത്.
31 കളികളില്‍ നിന്നു എട്ടു ഗോളുകള്‍ നേടിയ താരം ക്ലബിനെ ഉറുഗ്വെ പ്രീമിയര്‍ ഡിവിഷന്‍ ചാംപ്യന്‍മാരാക്കി. രാജ്യാന്തര, ക്ലബ് ഫുട്‌ബോളില്‍ ഒരു പോലെ തിളങ്ങിയ അപൂര്‍വ പ്രതിഭശാലികളില്‍ ഒരാളാണ് ഫോര്‍ലാന്‍. അര്‍ജന്റീന ക്ലബ് അത്‌ലറ്റിക്കോ ഇന്‍ഡിപെന്‍ഡന്റിനായി നടത്തിയ പോരാട്ടവീര്യമാണ് ഫോര്‍ലാന്റെ കരിയര്‍ മാറ്റിമറിച്ചത്. ലോകത്തെ മുന്‍നിര ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, വിയ്യാറല്‍ എന്നിവയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു.
ബ്രസീല്‍ ലോകകപ്പില്‍ ദേശീയ ടീമിനായി കളത്തിലിറങ്ങുകയും ചെയ്തു. ക്ലബ്ബ് കരിയറില്‍ 638 കളികളില്‍ നിന്നായി 255 ഗോളുകള്‍. ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമെന്ന ബഹുമതി. 100 മത്സരങ്ങള്‍ ദേശീയ ജേഴ്‌സിയില്‍ കളിച്ച ആദ്യ താരമെന്ന ബഹുമതിയും ഫോര്‍ലാന് സ്വന്തം. 2002 മുതല്‍ 2014 വരെ നീണ്ട രാജ്യാന്തര കരിയറിലെ 112 മത്സരങ്ങളില്‍ നിന്നു 36 ഗോളടിച്ചു.
ഫോര്‍ലാനില്‍ മാത്രമല്ല മുംബൈയുടെ പ്രതീക്ഷ. രണ്ടാം പതിപ്പില്‍ മുംബൈയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യയുടെ സൂപ്പര്‍ നായകന്‍ സുനില്‍ ഛേത്രി, അര്‍ജന്റീനയുടെ ഗാസ്റ്റണ്‍ സന്‍ഗോയ് എന്നിവര്‍ ഫോര്‍ലോനൊപ്പം മുന്നേറ്റ നിരയില്‍ ആക്രമണകാരികളായുണ്ട്.
മധ്യനിരയിലും മിന്നും താരങ്ങള്‍
അതിവേഗ നീക്കത്തിലൂടെ എതിരാളികളുടെ താളംതെറ്റിക്കുന്ന ഹെയ്തി താരം സോണി നോര്‍ദെ, ബ്രസീലിയന്‍ താരം ലിയോ കോസ്റ്റ, ഹംഗറിയുടെ ക്രിസ്റ്റിയന്‍ വഡോക്‌സ്, അര്‍ജന്റീനയുടെ മാത്ത്യാസ് ഡിഫ്രെഡ്രികോ എന്നിവര്‍ മധ്യനിരയിലെ കരുത്തന്‍മാരാണ്. തീര്‍ന്നില്ല ഇന്ത്യയുടെ ബോയ്താങ് ഹാവോകിപ്, പ്രണോയ് ഹാല്‍ഡര്‍, ജാക്കിചന്ദ് സിങ്, ഡേവിഡ് ലാല്‍റിന്‍മുന്ന, രാകേഷ് ഒറാം എന്നിവരും മധ്യനിരയില്‍ പന്തു തട്ടാനിറങ്ങും.
സമ്പന്നമായ വന്‍മതില്‍
പ്രതിരോധത്തില്‍ വന്‍മതില്‍ തീര്‍ക്കാന്‍ ഉറുഗ്വെയുടെ വാള്‍ട്ടര്‍ ഇബനെസ്, റുമാനിയയുടെ ലൂസിയന്‍ ഗോയിന്‍, അര്‍ജന്റീനയുടെ ഫാകുണ്‍ഡോ കാര്‍ഡോസോ, ബ്രസീലിന്റെ ജെര്‍സണ്‍ വിയേറ എന്നീ വിദേശ താരനിരയുണ്ട്. ഇന്ത്യന്‍ സാന്നിധ്യമായി അശുതോഷ് മെഹ്ത, മുന്‍മുന്‍ ലുഗുന്‍, അയിര്‍ബോര്‍ലാങ് ഖോന്‍ജി, സെന റാള്‍റ്റെ, അന്‍വര്‍ അലി എന്നിവരും. ഗോള്‍ വലക്ക് മുന്നില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ വോള്‍പാട്ടോയുണ്ട്. ഇന്ത്യന്‍ ഗോളികളായ ആല്‍ബിനോ ഗോമസും അമരിന്ദര്‍ സിങും കൂട്ടായുണ്ട്.
ഐ.എസ്.എല്‍ ടീമുകളുടെ ചങ്കിടിപ്പേറ്റി ബംഗളൂരു എഫ്.സി
ആലപ്പുഴ: ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പിന്റെ സെമി ഫൈനലില്‍ എത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം പ്രമുഖ ക്ലബുകളുടെ ചങ്കിടിപ്പേറുന്നു. മലേഷ്യന്‍ ടീമായ ജോഹര്‍ ദാറുല്‍ ടാസിമിനെതിരേ സെപ്തംബര്‍ 28നും ഒക്ടോബര്‍ 19നുമാണ് ബംഗളൂരുവിന്റെ സെമിയിലെ ഏറ്റുമുട്ടല്‍. എഫ്.സി ഗോവ ഒഴികെയുള്ള ഐ.എസ്.എല്‍ ടീമുകളുടെ നിര്‍ണായക ഘടകങ്ങളാണ് ബംഗളൂരു എഫ്.സിയുടെ താരങ്ങള്‍. ഇതോടെ ഒക്ടോബര്‍ 20 വരെ നടക്കുന്ന ഐ.എസ്.എല്‍ പോരാട്ടങ്ങളില്‍ ബംഗളൂരു താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല. ബംഗളൂരു എഫ്.സിയുടെ 13 കളിക്കാരാണ് വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഉള്ളത്. മുംബൈയുടെ സുനില്‍ ഛേത്രി ഉള്‍പ്പടെ മിക്ക താരങ്ങളും ഐ.എസ്.എല്‍ ടീമുകളുടെ ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങേണ്ടവരാണ്.
ബംഗളൂരു എഫ്.സിക്കായി എ.എഫ്.സി കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടി വിജയത്തിലേക്ക് നയിച്ച താരമാണ് മലയാളിയായ ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത്. റിനോ ആന്റോയും ബംഗളൂരുവിന്റെ അഭിവാജ്യ ഘടകമാണ്. ഇരുവരും ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടങ്ങളില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചു മത്സരങ്ങളില്‍ ഇരുവരും ഉണ്ടാവില്ല. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരേ ഒക്ടോബര്‍ ഒന്നിനാണ് കൊമ്പന്‍മാരുടെ ആദ്യ പോരാട്ടം. പൂനെ എഫ്.സിക്കെതിരേ 17നു നടക്കുന്ന എവേ മത്സരം വരെ വിനീതും റിനോയും മഞ്ഞപ്പടയ്‌ക്കൊപ്പം ഉണ്ടാവില്ല.
ബ്ലാസ്റ്റേഴ്‌സിനെക്കാല്‍ മുംബൈ എഫ്.സിക്കാണ് കനത്ത നഷ്്ടം സംഭവിക്കുന്നത്. സുനില്‍ ഛേത്രിക്ക് പുറമേ ഉദാന്ത സിങ്, അമരിന്ദര്‍ സിങ്, ലാല്‍ചുന്‍മാവായ് ഫനായ് എന്നിവര്‍ കളിക്കാനുണ്ടാവില്ല. ഡല്‍ഹി ഡൈനാമോസിന്റെ ആല്‍വിന്‍ ജോര്‍ജും മാല്‍സ്വാംസുവലയും നാല് ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ക്കായി എത്തില്ല. പുനെയുടെ യൂജിന്‍സണ്‍ ലിങ്‌ദോയും ചെന്നൈയിന്റെ ഡാനിയല്‍ ലാലിമ്പുയിയയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കീഗന്‍ പെരേരയും ആദ്യ നാലു മത്സരങ്ങളില്‍ കളിക്കാനിറങ്ങില്ല. വടക്കു-കിഴക്കിന്റെ സലാം രഞ്ജന്‍ സിങിന് നഷ്്ടമാവുന്നത് അഞ്ചു ഐ.എസ്.എല്‍ മത്സരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."