HOME
DETAILS
MAL
കണ്ടുപഠിക്കണം ഈ മുസ്‌ലിം ലീഗ് മാതൃക
backup
March 04 2016 | 05:03 AM
തെരഞ്ഞെടുപ്പു കമ്മിഷന്‍ തിയതിപ്രഖ്യാപനത്തിന് ഒരുങ്ങുന്നതേയുള്ളു. പ്രഖ്യാപനം നടക്കാന്‍ ഇനിയും ദിവസമെടുക്കും. എങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുരംഗത്തു സജീവമായിക്കഴിഞ്ഞു. സജീവത സീറ്റിനുവേണ്ടിയുള്ള തര്‍ക്കത്തിന്റെയും കടിപിടിയുടെയും കാര്യത്തിലാണെന്നു മാത്രം. പാര്‍ട്ടിയില്‍ ആരൊക്കെ മത്സരിക്കണം മത്സരിക്കേണ്ട എന്നതിനെക്കുറിച്ചുള്ള വിവാദങ്ങളും കുതികാല്‍വെട്ടുകളും തകൃതിയായി നടക്കുകയാണ്. മിക്ക പാര്‍ട്ടികളും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ സീറ്റു വാരിക്കൂട്ടാനുള്ള നെട്ടോട്ടത്തിലുമാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട ഘട്ടമായാലും പിന്‍വലിക്കാനുള്ള അവസാനതിയതിയായാലും ഈ തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഒടുവില്‍ വിമതനും അപരനുമൊക്കെ അരങ്ങുതകര്‍ത്ത് ജയസാധ്യതയുള്ള പലരും തോല്‍വി ഏറ്റുവാങ്ങും.
ഇവിടെയാണ് മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയെ കണ്ടുപഠിക്കേണ്ടത്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തി മുസ്്‌ലിം ലീഗ് ഒന്നാം റൗണ്ടില്‍ വിജയകിരീടം ചൂടി. യാതൊരു ബഹളവുമില്ലാതെ മുസ്്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി ചരിത്രം കുറിച്ചു.
24 സീറ്റിലാണ് മുസ്്‌ലിം ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. മുപ്പത് മുപ്പത്തിഅഞ്ച് സീറ്റെങ്കിലും ചോദിക്കാവുന്നതാണ്. പക്ഷേ, മുന്നണിയിലെ പ്രശ്‌നങ്ങളൊക്കെ നന്നായറിയുന്നതിനാലും കൂടുതല്‍ കുഴപ്പങ്ങളുണ്ടാകരുതെന്നു നിര്‍ബന്ധമുള്ളതിനാലും കൂടുതല്‍ സീറ്റുവേണ്ടെന്നു തീരുമാനിച്ചു. അതു നേരത്തേ പ്രഖ്യാപിച്ചു. അവകാശവാദം നിരത്തി കൂടുതല്‍ സീറ്റുകള്‍ വാങ്ങുകയല്ല, കിട്ടുന്ന സീറ്റില്‍ മികച്ച പ്രവര്‍ത്തനം നടത്തി നേടുകയാണു ബുദ്ധിയെന്നാണു ലീഗിന്റെ കണക്ക്. മത്സരിക്കുന്ന ബഹുഭൂരിപക്ഷംസീറ്റിലും മുഴുവന്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ഇന്നുതന്നെ തുടങ്ങാന്‍ കഴിയുന്നു എന്നതു വലിയ കാര്യമാണ്.
ഇത് ഇരുമുന്നണിയിലെയും മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയുമാണ്. സ്വാഭാവികമായും സീറ്റുമോഹികള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടാകും. മുസ്്‌ലിം ലീഗിലും അര്‍ഹരും അല്ലാത്തവരുമായ ഒട്ടേറെ പേര്‍ കുപ്പായവും തുന്നിയിരിപ്പുണ്ട്. ഇവരൊക്കെ സീറ്റിനായി പാണക്കാട്ടേയ്ക്ക് ഒഴുകിത്തുടങ്ങും മുമ്പു തന്നെ പ്രഖ്യാപനം നടത്തി പാര്‍ട്ടി നേതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഈ കാലത്തിനിടയില്‍ മറ്റു പാര്‍ട്ടികളെപ്പോലെ ലീഗിനും ഇത്ര നേരത്തേ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, നാമനിര്‍ദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസം പോലും പ്രഖ്യാപനം നടത്തിയ ചരിത്രവുമുണ്ട്. സംഘടനാപ്രവര്‍ത്തനത്തിനു കുറേയൊക്കെ അടുക്കും ചിട്ടയും വന്നുവെന്നതു ശ്ലാഘനീയമാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ 19 നു ചേര്‍ന്ന മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പു സംബന്ധിച്ചു കാര്യക്ഷമമായ ചര്‍ച്ച നടത്തി. ഒടുവില്‍ പതിവുപോലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉള്‍പ്പെടെ തെരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തി. പത്തുദിവസത്തിനിടയില്‍ പ്രസിഡന്റ് തങ്ങളും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രമുഖ നേതാക്കളും ജില്ലാ മണ്ഡലം ഭാരവാഹികളുമൊക്കെയായി ആശയവിനിമയം നടത്തി. ഒരു സമ്മര്‍ദ്ദത്തിനും നേതൃത്വം വഴങ്ങരുതെന്നായിരുന്നു പ്രവര്‍ത്തകസമിതിയുടെ പൊതുവികാരം. ആ വികാരം മാനിച്ചു തന്നെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 24 സീറ്റില്‍ 20 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തിറക്കിയത്. അവശേഷിക്കുന്ന നാലു സീറ്റ് ഒരുപക്ഷേ, കോണ്‍ഗ്രസുമായി വെച്ചുമാറിയേക്കാവുന്നതാണ്. ആ പട്ടികയും ലീഗ് നേതൃത്വം തയാറാക്കിയിട്ടുണ്ടാകണം.
മുസ്്‌ലിം ലീഗ് കാണിച്ച ഈ മാതൃക മറ്റ് പാര്‍ട്ടികളും പിന്തുടര്‍ന്നാല്‍ ഇവിടെ മുന്നണികളുടെ പ്രവര്‍ത്തനം ഏറെ എളുപ്പമാകും.
വളരാതെ പിളരാന്‍ വിധിക്കപ്പെട്ട പാര്‍ട്ടി
കേരളാ കോണ്‍ഗ്രസില്‍ വിണ്ടും മറ്റൊരു പിളര്‍പ്പുകൂടി. മാണി വിഭാഗത്തിലെ പി.ജെ ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, കെ.സി ജോസഫ്,പി.സി ജോസഫ് എന്നിവരാണ് മാണി കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചിരിക്കുന്നത്. നാലു സീറ്റെന്ന എല്‍.ഡി.എഫിന്റെ വാഗ്ദാനമാണ് ഒന്നായ കേരളാ കോണ്‍ഗ്രസിനെ വീണ്ടും മറ്റൊരു പിളര്‍പ്പിലെത്തിച്ചതെന്നാണ് ശ്രദ്ധേയം. സീറ്റല്ല മാണിയുമായി സഹകരിക്കാന്‍ കഴിയില്ലെന്നാണ് രാജി വച്ചവര്‍ ഇപ്പോള്‍ പറയുന്നതെങ്കിലും എങ്കില്‍ ഇത് ഇത്ര വൈകിയതെന്തേയെന്ന ചോദ്യം ഉയരുമെന്നത് സ്വാഭാവികമാണ്.
2010ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു 23 വര്‍ഷത്തെ ശത്രുത മറന്ന് ജോസഫ് വിഭാഗം മാണിയുമായി ഒരുമിച്ചത്. സഭയുടെ താല്‍പര്യമായിരുന്നു ആ ഒന്നിക്കലിനു പിന്നില്‍. കോണ്‍ഗ്രസിനേക്കാള്‍ സഭയ്ക്ക് നിയന്ത്രിയ്ക്കാനാവുക കേരളാകോണ്‍ഗ്രസിനെയാണ്. അതുകൊണ്ട് തന്നെ കേരളാകോണ്‍ഗ്രസുകള്‍ ഒന്നാവണമെന്ന താല്‍പര്യം സഭയ്ക്കുണ്ടായി. അതിനായി പലതട്ടിലുമുള്ള ചില പുരോഹിതരുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായിരുന്നു 2010ലെ ലയനം.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് വിഭാഗവും കൂടി മാണി വിഭാഗത്തില്‍ ലയിച്ചുവെങ്കിലും യു.ഡി.എഫ് മാണി വിഭാഗത്തിന് സീറ്റ് കൂട്ടിനല്‍കിയിരുന്നില്ല. ഇപ്പോഴും ആവശ്യമായ സീറ്റ് നേതാക്കള്‍ക്ക് മത്സരിക്കാന്‍ വീതിച്ചു നല്‍കുന്നതിലുള്ള തര്‍ക്കമാണ് പിളര്‍പ്പിലെത്തിയത്. അവസാന നിമിഷം വരെ സീറ്റ് എണ്ണം കൂട്ടാന്‍ മാണി ശ്രമിക്കുകയും ചെയ്തു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പേലെ ബാര്‍കോഴയും മറ്റുമായിരുന്നുവെങ്കില്‍ ഇതിനകം തന്നെ നല്ല അവസരങ്ങള്‍ എമ്പാടുമുണ്ടായിരുന്നു. കാര്യമായ ന്യായങ്ങളൊന്നുമില്ലാതെയാണ് ഇപ്പോഴുള്ള പിളര്‍പ്പ്.
1964ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന ഒരുവിഭാഗം നേതാക്കളാണ് കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരളാകോണ്‍ഗ്രസിന് രൂപം നല്‍കിയത്. പിന്നീട് പലനേതാക്കളുടേയും വ്യക്തി താല്‍പര്യങ്ങള്‍ കേരളാകോണ്‍ഗ്രസിനെ പിളര്‍ത്തി. 2010ല്‍ മാണിയോട് ഒട്ടിച്ചേര്‍ന്ന പി.ജെ ജോസഫ് ഇപ്പോഴും മാണിക്കൊപ്പം തന്നെയുണ്ട്.ഇതെത്രകാലമാണെന്ന് പക്ഷേ കണ്ടറിയണം. കേരളാകോണ്‍ഗ്രസ് സ്ഥാപക നേതാവിന്റെ മകന്‍ കൂടിയായ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പുതിയ പിളര്‍പ്പ് എന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."