ഇടതു സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നു: ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിച്ചു തികച്ചും ഏകപക്ഷീയമായാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വ്യക്തമാക്കിയ ബി.ജെ.പിക്കു ദേശീയ കൗണ്‍സില്‍ കൊണ്ടൊന്നും സംസ്ഥാനത്തു മുന്നേറ്റമുണ്ടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.പി മൊയ്തീന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ജനവികാരത്തെ മാനിക്കാന്‍ തയാറാകാതെ കടുത്ത ധിക്കാരത്തോടെയും ഏകാധിപത്യ മനോഭാവത്തോടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസ്‌ലം വധക്കേസ്. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊല ചെയ്ത് 40 ദിവസമായിട്ടും പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല. ഒരു മന്ത്രിയും സ്ഥലം സന്ദര്‍ശിക്കാനോ സമാധാന ചര്‍ച്ചകള്‍ നടത്താനോ ശ്രമിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ സംഭവത്തെ തികച്ചും നിസാരവല്‍ക്കരിക്കുകയാണ്. അധികാരത്തിലേറുന്നതിനു മുന്‍പു നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാതെയാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആത്മാര്‍ഥതയും സത്യസന്ധതയും ആദര്‍ശശുദ്ധിയും കൊണ്ടു രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം ആര്‍ജിച്ച നേതാവായിരുന്നു എന്‍.പി മൊയ്തീനെന്നും അദ്ദേഹം അനുസ്മരിച്ചു.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, അഡ്വ. ടി. സിദ്ദീഖ്, മുന്‍മന്ത്രി എം.ടി പത്മ, ഇ.വി ഉസ്മാന്‍കോയ, അഡ്വ. ഐ. മൂസ, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി ബാബു, പി. മൊയ്തീന്‍ മാസ്റ്റര്‍, പി. മമ്മദ്‌കോയ, കെ.വി സുബ്രഹ്മണ്യന്‍, രമേശ് നമ്പിയത്ത്, യു. രാജീവന്‍ മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, എസ്.കെ അബൂബക്കര്‍, കെ.പി നിഷാദ്, പി.എം അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."