ആവിത്തോട്ടില്‍ മലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ചു; പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
ഫറോക്ക്: മലിന്യം നിറഞ്ഞ് കല്ലിങ്ങല്‍ ആവിത്തോടിന്റെ ഒഴുക്കു നിലച്ചതോടെ പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും ചത്ത മൃഗങ്ങളുടെ ശവങ്ങളടക്കം തോട്ടില്‍ നിക്ഷേപിക്കുകയാണ്. പ്രദേശത്ത് താമസിക്കുന്ന മൂന്നുറോളം കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തില്‍ കഴിയുകയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ അധികാരികളും കൗണ്‍സിലറും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രദേശത്തേക്കു തിരിഞ്ഞുനോക്കാത്തതും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
കോര്‍പ്പറേഷന്‍ 48-ാം ഡിവിഷനിലൂടെയാണ് ആവിത്തോട് ഒഴുകുന്നത്. ബേപ്പൂര്‍ കൈതവളപ്പില്‍ നിന്നാരംഭിച്ച് ഗോതീശ്വരം ക്ഷേത്രത്തിനു സമീപം കടലിലേക്കാണ് തോട്ടില്‍ നിന്നും വെള്ളമൊഴുകിയിരുന്നത്. നാലു കിലോമീറ്ററോളം നീളത്തിലുള്ള തോട് പൂര്‍ണമായും മാലിന്യം നിറഞ്ഞ് അഴുക്കായിരിക്കുകയാണ്. തോട്ടില്‍ മാലിന്യം നിറഞ്ഞ് പുല്‍ക്കാടുകള്‍ വളര്‍ന്നതും ചിലഭാഗങ്ങളില്‍ ആഴം കുറഞ്ഞതുമാണ് വെള്ളത്തിന്റെ ഒഴുക്കു നിലക്കാന്‍ കാരണം.
എന്നാല്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത് പ്രദേശത്തു ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. തോടിന്റെ സമീപത്തെ കുടിവെള്ള സ്രോതസുകളെയെല്ലാം ആവിത്തോട്ടിലെ മാലിന്യം സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലുള്ള കിണറുകളിലെ വെള്ളം നിറംമാറിയതും കുടിക്കാന്‍ കഴിയാത്തതും പ്രദേശത്തുകാരെ ദുരിതത്തിലാക്കുകയാണ്. ഗോതീശ്വരം ക്ഷേത്രത്തിലും കല്ലിങ്ങല്‍ ജുമാമസ്ജിദിലും പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ക്കു അസഹ്യമായ ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, ഗോതീശ്വരം അങ്കണവാടിയും ആവിത്തോടിനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യം നീക്കം ചെയ്യാത്ത അധികൃതര്‍ക്കെതിരേ സര്‍വകക്ഷിയോഗം ചേര്‍ന്നു പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."