പ്രൊഫ. യു. മുഹമ്മദ്: മുസ്‌ലിം-പിന്നോക്ക വിദ്യാഭ്യാസ ഉന്നമനത്തിന് പ്രയത്‌നിച്ച വ്യക്തിത്വം
ഫറോക്ക്: ഫാറൂഖ് കോളജിനെ മലബാറിലെ ഏറ്റവും മികച്ച കലാലമായി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ. യു. മുഹമ്മദ്. ഫാറൂഖ് കോളജില്‍ നിലവിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉയര്‍ച്ചയില്‍ യു. മുഹമ്മദിന്റെ കൈയൊപ്പുണ്ട്. അരീക്കോട്ട് നിന്നു വിദ്യാര്‍ഥിയായെത്തിയ അദ്ദേഹം, ഫാറൂഖ് കോളജിലെ മൊത്തം സ്ഥാപനങ്ങളുടെയും ഉപരിസഭയായ റൗളത്തുല്‍ ഉലൂം അസോസിയേഷന്റെ കാര്യദര്‍ശിയായാണു വിടവാങ്ങിയത്.
ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി എണ്ണമറ്റ സംഭാവനകള്‍ അര്‍പ്പിച്ചാണു വിടവാങ്ങിയത്. സച്ചാര്‍, മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെ കുറിച്ചു ന്യൂനപക്ഷ ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ അദ്ദേഹം പ്രത്യേക ഇടപെടലുകള്‍ തന്നെ നടത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ അരീക്കോട് പുത്തലത്ത് സ്വദേശിയായ അദ്ദേഹം മലപ്പുറം മാപ്പിള ഗവ. ഹൈസ്‌കൂളില്‍ മെട്രിക്കുലേഷനു ശേഷം 1949ലാണ് ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥിയായി എത്തിയത്. തുടര്‍ന്ന് ഗവ. ട്രെയിനിങ് കോളജില്‍ നിന്ന് ബി.ടി ബിരുദം കരസ്ഥമാക്കി. 1956 മുതല്‍ പത്തുവര്‍ഷം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടയില്‍ ബഗല്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. ഇതിനു പുറമെ, രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ നിരവധി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 1966ലാണ് ഇംഗ്ലീഷ് ലക്ചററായി യു. മുഹമ്മദ് ഫാറൂഖ് കോളജില്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന്, 1988ല്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചത്. ഇതിനു ശേഷവും അദ്ദേഹത്തിന്റെ സേവനം കോളജിനു ലഭിക്കാന്‍ മാനേജ്‌മെന്റ് ഫാറൂഖ് വെല്‍ഫെയര്‍ ഓഫിസറായി നിയമിച്ചു. അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിന് വി. മുഹമ്മദിനൊപ്പം പ്രധാന പങ്കുവഹിച്ചു. എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്രട്ടറി, ഫാറൂഖ് ട്രെയിനിങ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയംഗം, യു.ജി.സിയുടെ വിവിധ സമിതികളില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
'സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങള്‍: സാധുതയും സ്വീകാര്യതയും', 'സംവരണം, ക്രീമിലയര്‍, ന്യൂനപക്ഷ അവകാശങ്ങള്‍', 'സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് അവലോകനം' പ്രധാന കൃതികളാണ്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശിഷ്യഗണങ്ങളടക്കം നൂറു കണക്കിനുപേര്‍ മൃതദേഹം സന്ദര്‍ശിക്കാന്‍ ഫാറൂഖ് കോളജിലെ വസതിയിലെത്തി. എം.പിമാരായ ഇ. അഹമ്മദ്, പി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, വി.കെ.സി മമ്മദ്‌കോയ, കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രൊഫ. കെ. മുഹമ്മദ് ബഷീര്‍, കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ഖാദര്‍ മങ്ങാട്, ടി.പി അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, സി.പി ഉമര്‍ സുല്ലമി, പി.കെ അഹമ്മദ് വസതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."