കൊയിലാണ്ടി ഗവ. ഐ.ടി.ഐയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും: എം.എല്‍.എ
കൊയിലാണ്ടി: ഗവ. ഐ.ടി.ഐയെ അന്തര്‍ദേശീയ നിലവാരത്തിലേക്കു ഉയര്‍ത്താനുള്ള പ്രാഥമിക പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചുവരികയാണെന്ന് കെ. ദാസന് എം.എല്‍.എ പറഞ്ഞു. ഇതു സംബന്ധിച്ച് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
സ്ഥാപനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വകുപ്പുതല മേധാവികളുമായി ആശയവിനിമയം നടത്തും. നടപടിയുടെ ഭാഗമായി കഴിഞ്ഞദിവസം എം.എല്‍.എ ഐ.ടി.ഐ സന്ദര്‍ശിച്ച് പി.ഡബ്ല്യു.ഡി എ.ഇ ജയാന്ദന്, ഓവര്‍സിയര്‍ ബാബു, പ്രിന്‍സിപ്പല്‍ സിന്ധു എന്നിവരുമായി ചര്‍ച്ച നടത്തി.
അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരുന്നതോടെ സ്ഥാപനത്തില്‍ വിപുലമായ സൗകര്യങ്ങള്‍ നിലവില്‍ വരും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്മാര്‍ട്ട് ക്ലാസ്റൂം, ഹോസ്റ്റല്‍, സ്റ്റാഫ് ക്വോട്ടേഴ്സ്, അമിനിറ്റി സെന്റര്‍, പ്ലേഗ്രൗണ്ട്, കാന്റീന് തുടങ്ങിയവ പുതുതായി സ്ഥാപിക്കും. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആസ്തിവികസന ഫണ്ടില്‍ നിന്നു 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ത്വരിതമാക്കുകയും ചെയ്തിട്ടുണ്ട്. കൊയിലാണ്ടിയില്‍ 1986ല്‍ സ്ഥാപിതമായ വ്യാവസായിക പരിശീലന സ്ഥാപനമായ ഗവ. ഐ.ടി.ഐ തൊഴില്‍ വകുപ്പിനു കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ പത്ത് ട്രേഡുകളിലായി 20 യൂനിറ്റിനു കീഴില്‍ 450 വിദ്യാര്‍ഥികള്‍ ഇവിടെ പരിശീലനം തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."