റേഷന്‍ കാര്‍ഡ് വിതരണത്തില്‍ അവ്യക്തത; ഭക്ഷ്യസുരക്ഷയ്ക്ക് രക്ഷയില്ല
ആലപ്പുഴ: പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തില്‍ അവ്യക്ത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. 2014 ല്‍ കാലാവധി അവസാനിച്ച റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനിയും മോക്ഷമായിട്ടില്ല. കോടികള്‍ ചെലവിട്ട് പുതിയ റേഷന്‍ കാര്‍ഡിനായുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും രണ്ടുവര്‍ഷം പിന്നിടുമ്പോഴും പുതിയ കാര്‍ഡുകളുടെ വിതരണത്തില്‍ അവ്യക്തത തുടരുകയാണ്. സര്‍ക്കാര്‍ ഏജന്‍സിയായ സി ഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വരുത്തിയ വന്‍ വീഴ്ചയാണ് റേഷന്‍ കാര്‍ഡുകളുടെ വിതരണം അവതാളത്തിലാക്കിയത്. സംസ്ഥാനത്ത് ഇക്കുറി 83 ലക്ഷം റേഷന്‍ കാര്‍ഡുകളാണുളളത്. കഴിഞ്ഞതവണത്തേതിലും 10 ലക്ഷം അധികം. അതേസമയം ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തുന്നത് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന. കാലതാമസത്തിനുള്ള ശിക്ഷാനടപടിയെന്ന നിലയില്‍ സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇതുവഴി സംസ്ഥാനത്തിന് നഷ്ടമാകുന്നത് കേന്ദ്രവിഹിതത്തില്‍നിന്നുളള മുപ്പതിനായിരം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍. ഇതോടെ അന്നം മുട്ടുന്നത് കേരളത്തിലെ 1.57 കോടി ജനങ്ങളുടേത്.
നേരത്തെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ മുന്‍സര്‍ക്കാരിന് കേന്ദ്രം ഉഗ്രശാസനം നല്‍കിയിരുന്നെങ്കിലും പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലെ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി തടിയൂരുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നതിലുളള കാലതാമസമാണ് പദ്ധതി നടപ്പിലാക്കുന്നതിന് തടസമാകുന്നതെന്നാണ് സൂചന. സംസ്ഥാനത്തെ അഞ്ചു വകുപ്പുകള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് രൂപം നല്‍കേണ്ടത് . എന്നാല്‍ വകുപ്പുകള്‍ തമ്മിലുളള ഏകോപനം സാധ്യമാകാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമാകുന്നത്. ഭക്ഷ്യം, റവന്യു, ഗതാഗതം, തദ്ദേശം, ആരോഗ്യം എന്നീ വകുപ്പുകളുടെ മേധാവികള്‍ അടങ്ങുന്ന റാങ്കിംഗ് സമിതിക്കാണ് പട്ടിക തയാറാക്കലിന്റെ ചുമതല. ഇത്തരത്തില്‍ ബി.പി.എല്‍ പട്ടിക തയാറായെങ്കില്‍ മാത്രമെ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുകയുളളു. ശിക്ഷണ നടപടിയെന്ന നിലയില്‍ കേന്ദ്ര വിഹിതത്തില്‍ വെട്ടികുറവ് വരുത്തിയാല്‍ വെളളത്തിലാകുന്നത് ഗുണഭോക്താക്കളായ പാവങ്ങള്‍ തന്നെയാണ്. ഇപ്രകാരം നിലവില്‍ മുന്‍ഗണനാ പട്ടികയിലുളള ബി.പി.എല്ലുക്കാര്‍ക്ക് ഇരുപത്തിയഞ്ച് കിലോ അരിയെന്നത് പതിനേഴായി കുറയും.
ഗോതമ്പിന്റെ അളവിലും മാറ്റം വരുത്തും. പത്ത് കിലോയെന്നത് അഞ്ചായി ചുരുങ്ങും. എ.പി.എല്‍ വിഭാഗം കാര്‍ഡുടമകള്‍ക്കും വിഹിതത്തില്‍ ഗണ്യമായ കുറവ് വരും. ദേശീയ ആസൂത്രണ സമിതിയുടെ കണക്കില്‍ കേരളത്തില്‍ ഒന്നരകോടി ജനങ്ങള്‍ക്കുമാത്രമാണ് റേഷന്‍ വിഹിതത്തിന് അര്‍ഹത. എന്നാല്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതിലും ഇരട്ടി വിഹിതമാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിവരുന്നത്. ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതതോടെ അന്യ സംസ്ഥാന അരിലോബികള്‍ കേരളത്തില്‍ ചുവടുറപ്പിക്കാനുളള സാധ്യതയും തളളികളയാനാവില്ല. നിലവില്‍ വിവിധ ബ്രാന്‍ഡുകളില്‍ ലഭിക്കുന്ന അരികള്‍ക്ക് മുപ്പത്തിയേഴ് രൂപയോളം വിലയുണ്ട്. മാത്രമല്ല കാര്‍ഷിക മേഖലയില്‍ രൂപപ്പെടുന്ന പ്രതിസന്ധിയും കര്‍ഷക പ്രതിഷേധവും സംസ്ഥാനത്തെ ഭക്ഷ്യമേഖലയെ താറുമാറാക്കുമ്പോള്‍ കനത്ത വിലകയറ്റമായിരിക്കും നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."