തല ചായ്ക്കാനിടമില്ലാതെ ജീവിതം പുറമ്പോക്കിലായി ആറു കുടുംബങ്ങള്‍
നാദാപുരം: സ്വന്തമായൊരു വീടെന്ന വര്ഷങ്ങളോളമുള്ള സ്വപ്നം ഇനിയും യാഥാര്‍ഥ്യമാകാതെ ആറു കുടുംബങ്ങള്‍. ഭൂരഹിതരായ തൊഴിലാളികള്‍ ഇപ്പോഴും പുറമ്പോക്കു ഭൂമിയില്‍ ദുരിതജീവിതം നയിക്കുകയാണ്. പെരിങ്ങത്തൂര്‍ പുഴയോട് ചേര്‍ന്ന കായിപ്പനച്ചിയില് താമസിക്കുന്ന ആറു കുടുംബങ്ങളാണു തല ചായ്ക്കാന്‍ സ്വന്തമായൊരിടത്തിനു വേണ്ടി കാത്തിരിപ്പ് തുടരുന്നത്.
35 വര്‍ഷം മുന്‍പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി തേടിയെത്തിയ ഇവര്‍ സംസ്ഥാനപാതയോടും മയ്യഴിപ്പുഴയുടെ ഭാഗമായ പെരിങ്ങത്തൂര്‍ പുഴയോടും ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചു വരികയാണ്. 70 കഴിഞ്ഞ രോഗികള്‍ മുതല്‍ മൂന്നു മാസം പ്രായമായ കൈക്കുഞ്ഞു വരെ ഇവരുടെ കൂട്ടത്തിലുണ്ട്. പാചകം, ഉറക്കം, കുട്ടികളുടെ പഠനം എന്നിവയെല്ലാം ടാര്‍പോളിന്‍ കൊണ്ട് മറച്ച ഒറ്റമുറിയിലാണ് നടക്കുന്നത്. എന്നാല്‍ വീടിനു വേണ്ടി ഇവര്‍ കയറിയിറങ്ങാത്ത ഇടങ്ങളില്ല.
നേരത്തെ എടച്ചേരി പഞ്ചായത്ത് ഇവരെ പുനരധിവസിപ്പിക്കാനുള്ള ഭൂമി കണ്ടെത്തിയിരുന്നുവെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഭൂരഹിതര്‍ക്കു വീട് വയ്ക്കാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴാണ് പുറമ്പോക്കില്‍ ഇവരുടെ ദുരിത ജീവിതം തുടരുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. സര്‍ക്കാര്‍ അനുവദിച്ച താല്‍ക്കാലിക റേഷന്‍കാര്‍ഡ് വഴി മാസത്തില്‍ ലഭിക്കുന്ന പത്തു കിലോ അരിയും നാലുലിറ്റര്‍ മണ്ണെണ്ണയും ഒരുകിലോ ഗോതമ്പും മാത്രമാണ് ഇവരുടെ ആനുകൂല്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."