കെസ്‌റെക്കിന്റെ വെബ്‌സൈറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ നോഡല്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സെന്ററിന് (കെസ്‌റെക്) മുഖ്യമന്ത്രി ഇപ്പോഴും ഉമ്മന്‍ചാണ്ടി തന്നെ. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 121 ദിവസം കഴിഞ്ഞിട്ടും കെസ്‌റെക്കിന്റെ വെബ്‌സൈറ്റില്‍ മാറ്റം വരുത്തിയിട്ടില്ല. മുഖ്യമന്ത്രി മാത്രമല്ല, വകുപ്പുമന്ത്രി, ചീഫ്‌സെക്രട്ടറി, ഡയറക്ടര്‍ എന്നിവരും പഴയതു തന്നെ. കെ.സി ജോസഫ് എം.എല്‍.എ തന്നെയാണ് ഇപ്പോഴും കെസ്‌റെക്കിന് വകുപ്പുമന്ത്രി. ഇ.കെ ഭരത് ഭൂഷണ്‍ തന്നെയാണ് ചീഫ്‌സെക്രട്ടറിയും.
കെസ്‌റെക്കിന്റെ പുതിയ ഡയറക്ടറായി കെ.പി രഘുനാഥ മേനോന്‍ അധികാരമേറ്റെങ്കിലും, ഇദ്ദേഹവും വൈബ്‌സൈറ്റിനു പുറത്തായിരിക്കുകയാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളെല്ലാം പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ തന്നെ അപ്‌ഡേഷന്‍ നടത്തിക്കഴിഞ്ഞിട്ടും കെസ്‌റെക്ക് പഴയ സൈറ്റില്‍ തന്നെയാണ്.
ഐ.എസ്.ആര്‍.ഒയ്ക്കു വേണ്ടിയും, സംസ്ഥാന സര്‍ക്കാരിനു വേണ്ടിയും നിരവധി പദ്ധതികള്‍ കെസ്‌റെക് നടത്തിവരുന്നുണ്ട്. പുതിയ സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതും, തരിശുഭൂമികളുടെ ഡാറ്റയും തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
സാറ്റലൈറ്റ് സംവിധാനങ്ങള്‍ കൊണ്ടുള്ള മാപ്പിങും, മുടങ്ങിക്കിടക്കുന്ന റീസര്‍വെ പൂര്‍ത്തിയാക്കുന്നതിനും, വിവിധ വകുപ്പുകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സര്‍വെകളും കെസ്‌റെക് ചെയ്യാനൊരുങ്ങുകയാണ്. കേരളത്തിന്റെ മുഴുവന്‍ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ സാങ്കേതിക മികവില്‍ വിരല്‍ത്തുമ്പില്‍ നിര്‍ത്തുന്ന കെസ്‌റെക്കിന്റെ വെബ്‌സൈറ്റാണ് പഴകി കിടക്കുന്നത്.
എന്നാല്‍, വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത വിദഗ്ധന്‍ കെസ്‌റെക്കില്‍ നിന്നും പിരിഞ്ഞു പേയതാണ് അധികൃതര്‍ക്ക് തലവേദനയായിരിക്കുന്നത്. സൈറ്റിന്റെ പ്രോഗ്രാമുകള്‍ മറ്റാര്‍ക്കുമറിയില്ല.
പുറത്തുനിന്നുള്ള ഏജന്‍സിയെ വിളിച്ച് സൈറ്റ് അപ്‌ഡേറ്റ് ചെയ്യാനുമാവുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ പുറത്തു നിന്നുള്ള ഏജന്‍സികളെ വിശ്വസിച്ച് വിളിക്കാനാവില്ല, ഐ.എസ്.ആര്‍.ഒയുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുമെന്ന ഭയമാണിതിനു പിന്നില്‍. വെബ്‌സൈറ്റില്‍ മുഖ്യമന്ത്രിയെയും, വകുപ്പുമന്ത്രിയെയും, ചീഫ് സെക്രട്ടറിയെയും, ഡയറക്ടറെയും മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃര്‍ സുപ്രഭാതത്തോടു പറഞ്ഞു.
അത്യാധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുള്ള കെസ്‌റെക് പോലുള്ള സ്ഥാപനങ്ങള്‍ക്ക് വൈബ്‌സൈറ്റ് പോലും അപ്‌ഡേറ്റ് ചെയ്യാനാകുന്നില്ലെന്നതാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."