മുനീശ്വരന്‍കുന്ന് ടൂറിസം; പ്രക്ഷോഭം ശക്തമാക്കുമെന്ന് സംരക്ഷണസമിതി
തലപ്പുഴ: മുനീശ്വരന്‍കുന്ന് പുല്‍മേട് പൂര്‍ണമായും നശിപ്പിക്കുന്ന നിലയിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് എതിരേയുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി. വയനാടിന്റെ വാഗമണ്‍ എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ പകുതിയോളം ഭാഗം എന്‍.സി.സി പരിശീലനത്തിനായി പതിച്ചു നല്‍കിയിരിക്കുകയാണ്. അതോടൊപ്പം അശാസ്ത്രീയമായ രീതിയില്‍ വനംവകുപ്പ് ടൂറിസം പദ്ധതികളും ആരംഭിക്കുകയാണ്.
എക്കോ ടൂറിസത്തിന്റെ സര്‍വസാധ്യതകളെയും തകര്‍ത്ത് കൊണ്ടാണ് നിര്‍മിതികള്‍ നടക്കുന്നത്. ബ്രഹ്മഗിരി മലയിലെ ഹണിമൂണ്‍ കോട്ടേജുകളെ അനുകരിച്ചാണ് ഇവിടെയും നിര്‍മാണം പുരോഗമിക്കുന്നത്. ആനയും കാട്ടിയും മാനും മറ്റു മൃഗങ്ങളും മേഞ്ഞിരുന്ന ഈ പുല്‍മേട് ഇതോടെ പൂര്‍ണമായി തകരുകയും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് വലിയ അളവില്‍ ആഘാതം സൃഷ്ടിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുത കമ്പിവേലികെട്ടി തിരിച്ചതിനാല്‍ വന്യ ജീവികളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥ തകിടം മറിക്കുമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വേനല്‍കാലത്ത് സമീപ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായത് ഇതുകൊണ്ടാണെന്നു മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
വികസനത്തിന്റെ പേരില്‍ കോട്ടേജുകള്‍ നിര്‍മിക്കപ്പെടുകയും വന്‍തോതില്‍ ഭൂഗര്‍ഭജലം ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചുറ്റുഭാഗത്തുള്ള വീടുകളില്‍ രൂക്ഷമായ ജലക്ഷാമമാണ് വരുംകാലങ്ങളില്‍ നേരിടേണ്ടി വരിക. അതോടൊപ്പം കോട്ടേജുകളിലെ വിസര്‍ജനമാലിന്യങ്ങള്‍ താഴ്‌വാരത്ത് താസിക്കുന്നവരുടെ കിണറുകളെ ഗുരുതരമായി ബാധിക്കും. മാനന്തവാടി എം.എല്‍.എക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും പ്രതീക്ഷിച്ച ഇടപെടല്‍ എം.എല്‍.എയുടെ ഭാഗത്തു നിന്നോ പഞ്ചായത്തിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."