പഴശ്ശി പാര്‍ക്കില്‍ മുറിച്ചിട്ട മരങ്ങള്‍ നശിക്കുന്നു
മാനന്തവാടി: വനംവകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡി.ടി.പി.സിക്ക് കൈമാറിയ പഴശ്ശി പാര്‍ക്കിനുള്ളില്‍ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ നശിക്കുന്നു. പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി ഒരുവര്‍ഷം മുമ്പ് മുറിച്ചിട്ട മരങ്ങളാണ് മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്. 200 കുറ്റി അക്ക്വേഷ്യ മരങ്ങളായിരുന്നു നവീകരണത്തിന്റെ ഭാഗമായി മുറിച്ചത്. പാര്ക്കിന് അപകടകരമാം വിധം വളര്‍ന്നതും കേട് സംഭവിച്ചതുമായ മരങ്ങളും ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മാണത്തിനായി കണ്ടെത്തിയ സ്ഥലത്തെ മരങ്ങളുമാണ് മുറിച്ചത്. പിന്നീട് ഇത് ലേലം ചെയ്യുന്നതിനായി വിലനിശ്ചയിച്ചു നല്കാന് വനം വകുപ്പിനോട് ആവശ്യപ്പെടുകയും രണ്ടര ലക്ഷം രൂപാ വില നിര്‍ണയിച്ച് നല്‍കുകയും ചെയ്തു. ഇത് പ്രകാരം ലേല നടപടികള്‍ നടത്തിയെങ്കിലും ആരും ഈ തുകക്ക് മരം എടുക്കാന്‍ തയ്യാറായില്ല. ലേലത്തുക കുറച്ച് മറ്റൊരു ദിവസത്തേക്ക് ലേലം മാറ്റി വെക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നെങ്കിലും ഇതുമുണ്ടായില്ല. മുറിച്ചിട്ട മരങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ ഡിപ്പോയിലെത്തിക്കനായിരുന്നു അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ഇതും നടപ്പിലായില്ല. നിലവില്‍ ഡിപ്പോയിലെത്തിക്കുന്ന വാഹനക്കൂലി പോലും ഈ മരത്തിന് ലഭിക്കില്ലെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."