മാനന്തവാടി നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍; ഭരണകക്ഷിയില്‍ ഭിന്നത രൂക്ഷം
മാനന്തവാടി: നഗരത്തിലെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ഭരണകക്ഷിയില്‍ ഭിന്നത രൂക്ഷം. അനധികൃത കൈയേറ്റങ്ങളും വഴിയോര കച്ചവടവും ഒഴിപ്പിക്കാനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എമ്മിന്റെ തീരുമാനം.
എന്നാല്‍ ഏകപക്ഷിയമായാണ് നടപടികള്‍ എന്നാരോപിച്ച് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചാല്‍ എന്തുവില കൊടുത്തും തടയുമെന്ന നിലപാടിലാണ് ഘടകകക്ഷിയായ സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ്.
മാനന്തവാടി നഗരത്തിലെ അനധികൃത കൈയേറ്റങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും കുറിച്ചും ഇതിന് വേണ്ട സഹായം ചെയ്ത ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന് രേഖാമൂലം കത്തു നല്‍കി ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഒഴിപ്പിക്കാനുള്ള നീക്കം തടയുമെന്ന് മുന്നറിയിപ്പുമായി യുവജന സംഘടന രംഗത്ത് വന്നിരിക്കുന്നത്.
വര്‍ഷങ്ങളായി മാനന്തവാടിയില്‍ ഘടകക്ഷികളായ സി.പി.എമ്മിനും സി.പി.ഐക്കും ഇടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.
എന്നാല്‍ ഇത്തവണ അതു പ്രഥമദൃഷ്ട്യ പൊതുജനത്തിന് മനസ്സിലാകരുതെന്ന ഉദ്ദേശത്തോടെയാണ് സി.പി.ഐ തങ്ങളുടെ യുവജന സംഘടനയെ രംഗത്ത് ഇറക്കിയതെന്നും പറയപ്പെടുന്നു.
ബസ് കാത്തിരിപ്പു കേന്ദ്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ശ്രമദാനമായി കോഴിക്കോട് റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നന്നാക്കിയതും ഈയടുത്താണ്. വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് നഗരസഭ പാവപ്പെട്ട ഫുട്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്ന ആരോപണമാണ് എ.ഐ.വൈ.എഫ് ഉന്നയിക്കുന്നത്. എന്നാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."