തടയണകളുടെ ഷട്ടറുകള്‍ നന്നാക്കാന്‍ നടപടി വേണമെന്ന്
പുല്‍പ്പള്ളി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ചര്‍ച്ചകളും സെമിനാറുകളും പൊടിപൊടിക്കുമ്പോള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ ത്രിതലപഞ്ചായത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ലെന്ന് പരാതി. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ മേഖലകളിലെ തോടുകളില്‍ നിര്‍മിച്ച ചെക്ക് ഡാമുകളിലെ ഷട്ടറുകള്‍ നന്നാക്കുന്നതിന് തയാറാകാതെ പഞ്ചായത്ത് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങുന്നത് യാതൊരു പ്രയോജനവുമുണ്ടാക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രം ചെറുതും വലുതുമായ 20 ഓളം തടയണകളാണുള്ളത്. തടയണകളിലെ ചീര്‍പ്പ് തകര്‍ന്നതോടെ വെള്ളം മുഴുവന്‍ പാഴായി ഒഴുകുകയാണ്. പുല്‍പ്പള്ളി താഴയങ്ങാടി, മീനംകൊല്ലി, പാളക്കൊല്ലി, ആനപ്പാറ, മാടല്‍, ചേലൂര്‍, മരക്കടവ്, ചെറ്റപ്പാലം, ഉദയക്കവല, ശശിമല തുടങ്ങിയ പ്രദേങ്ങളിലെ ഭൂരിഭാഗം ചെക്ക് ഡാമുകളും ഷട്ടറുകളില്ലാത്തതിനാല്‍ ജലസംരക്ഷണം നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഓരോ ചെക്ക് ഡാമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നന്നാക്കുവാന്‍ സാധിക്കുമെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ജനപ്രതിനിധികള്‍ തയാറാകുന്നില്ല. വരള്‍ച്ച ഉണ്ടാകുമ്പോള്‍ മാത്രം തടയണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുന്ന ജനപ്രതിനിധികളുടെ നിലപാടാണ് ഇതിന് കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലസേചനവകുപ്പ് നിര്‍മിച്ച ഭൂരിഭാഗം തടയണകളുടെയും ഷട്ടറുകള്‍ നശിച്ച അവസ്ഥയിലാണ്. കടമാന്‍ തോട്ടിലും കന്നാരംപുഴയിലും തടയണകള്‍ നിര്‍മിച്ചാല്‍ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമായിരുന്നിട്ടും ഇതിനാവശ്യമായ പദ്ധതികള്‍ തയാറാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് എസ്.ആര്‍.പി ജില്ലാ പ്രസിഡന്റ് കെ.ആര്‍ ജയറാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."