നഷ്ടപരിഹാര വിതരണം തുടങ്ങി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് വെടിമരുന്ന് ഉപയോഗിച്ച് കരിങ്കല്‍ ഖനനം നടത്തുന്നതിനിടയില്‍ നാശനഷ്ടം സംഭവിച്ച വീട്ടുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം തുടങ്ങി. കീഴല്ലൂര്‍ പഞ്ചായത്തിലെ ഇരുന്നൂറോളം പേര്‍ക്കാണ് നഷ്ടപരിഹാര വിതരണം ചെയ്യുന്നത്. ഇതിനായി രണ്ടുകോടി രൂപയാണ് കീഴല്ലൂര്‍ വില്ലേജ് ഓഫിസില്‍ എത്തിയത്. മട്ടന്നൂര്‍ നഗരസഭയിലെ 18 പേര്‍ക്കുള്ള തുക ഉടന്‍ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഷ്ടപരിഹാര തുക വിതരണം താമസിച്ചതിനാല്‍ നാട്ടുകാരുടെ കര്‍മ്മസമിതി കഴിഞ്ഞദിവസം കിയാല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരി 28നാണ് വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നു വെടിമരുന്ന് ഉപയോഗിച്ച് കരിങ്കല്‍ ഖനനം നടത്തുന്നതിനിടയില്‍ സമീപത്തെ ഇരുനൂറ്റി പതിനാറോളം വീടുകള്‍ക്ക് നാശം സംഭവിച്ചത്.
ഏഴുമാസം കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."