കണ്ണൂര്‍ സര്‍വകലാശാലയ്ക്കു അന്താരാഷ്ട്ര ഗവേഷണ പദ്ധതി
കണ്ണൂര്‍: ഇന്ത്യ-മെക്‌സിക്കോ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലയ്ക്കു പുതിയ ഗവേഷണ പദ്ധതി അനുവദിച്ചു.
സര്‍വകലാശാലയുടെ ബയോടെക്‌നോളജി മൈക്രോബയോളജി വകുപ്പിലെ ഡോ. എ സാബുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.എസ് ഷിബുരാജ്, ഡോ. എന്‍.എസ് പ്രദീപ് എന്നിവരും മെക്‌സിക്കോയിലെ കൗവില ഓട്ടോണോമസ് സര്‍വകലാശാലയിലെ പ്രൊഫ. ക്രിസ്റ്റോബാലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘവുമാണ് പദ്ധതിയിലെ പങ്കാളികള്‍. ജൈവവൈവിധ്യ കലവറയായ മെക്‌സിക്കന്‍ പ്രദേശങ്ങളിലെയും ഇന്ത്യയിലെ പശ്ചിമ ഘട്ടത്തിലെയും സൂക്ഷ്മാണു ശേഖരം ഔഷധവ്യവസായ മേഖലയിലേക്കാവശ്യമായ ജൈവ രാസ ത്വരകങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി പഠന വിധേയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂര്‍ സര്‍വകലാശാല ഇതിനകം മെക്‌സിക്കന്‍ സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സര്‍വകലാശാല ഗവേഷകര്‍ മെക്‌സിക്കോയിലും മെക്‌സിക്കന്‍ ഗവേഷകര്‍ കണ്ണൂര്‍ സര്‍വകലാശാലയിലും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."