ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ്: മൂന്നു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
കണ്ണൂര്‍: നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ വ്യാജ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പു നടത്തിയ കേസില്‍ മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. സമാനമായ തട്ടിപ്പുകേസില്‍ എറണാകുളത്ത് പിടിയിലായി കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കാസര്‍കോട് ആര്.ഡി നഗറില്‍ പാറേക്കാട് നൂര്‍ മുഹമദ്(32), സഹോദരന് അജ്മല്‍(23), ചെങ്കള നാലാം മൈലില്‍ മുഹമദ് സാബിത്ത്(29) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ജനുവരി 11ന് രാവിലെ 11.30ന് നഗരത്തിലെ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്സില്‍ നിന്നും ഒന്നരലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ നൂര്‍ മുഹമദ് ആര്.എ.കെ ബാങ്കിന്റെ വ്യാജ ഡെബിറ്റ് കാര്‍ഡ് നല്കി തട്ടിപ്പു നടത്തുകയായിരുന്നു. മറ്റു രണ്ടുപേരും ഇതേ രീതിയില്‍ ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചിരുന്നു. സമാനമായ തട്ടിപ്പിനിടെ എറണാകുളത്ത് പിടിയിലായപ്പോഴാണ് കണ്ണൂരിലെ തട്ടിപ്പിനെക്കുറിച്ചും വ്യക്തമായത്. തുടര്‍ന്ന് ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കസ്റ്റഡിയില്‍ വിട്ടതിനുശേഷം നെഞ്ചുവേദന അനുഭവപ്പെട്ട നൂര്‍ മുഹമദിനെ ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."