ആകാശം തൊട്ട് പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം
പാപ്പിനിശ്ശേരി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് പ്രവൃത്തിയില്‍ ഉള്‍പ്പെടുന്ന പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും മികച്ച മേല്‍പാലങ്ങളിലൊന്നായി പാപ്പിനിശ്ശേരി മേല്‍പാലം മാറും. രണ്ടുമാസത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
മൂന്നുപെറ്റുമ്മ മഖാമിനു സമീപത്തു നിന്നു ഹാജി റോഡു വരെ 620 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 8.5 മീറ്റര്‍ വീതിയുള്ള പാലത്തിന് 7.5 മീറ്റര്‍ വീതിയില്‍ രണ്ടുവരി പാതയുണ്ടാവും. ഇരുവശത്തും 44 കൈവരികളും 22 സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളും ക്രമീകരിക്കും. 26 തൂണുകളും 23 സ്ലാബുകളിലുമുള്ള മേല്‍പാലത്തില്‍ ഗേറ്റിനു കുറുകേയുള്ള രണ്ട് തൂണും ഒരു സ്ലാബും റെയില്‍വേ നേരിട്ടു നിര്‍മിക്കുന്നതാണ്. സ്ലാബിന്റെ പ്രവൃത്തി ഏറെക്കുറേ പൂര്‍ത്തിയായി.
2013 ഏപ്രില്‍ 22നാണ് മേല്‍പ്പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. 118 കോടിയുടെ റോഡു പ്രവൃത്തിയില്‍ 40 കോടിയാണ് മേല്‍പ്പാലത്തിനായി നീക്കിവച്ചത്. ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസ് കമ്പനിക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ അനുവദിച്ച സമയം നീണ്ടുപോയതോടെ 2016 ജൂണ്‍ 30 വരെ വീണ്ടും കരാര്‍ പുതുക്കി നല്‍കി. ഏറ്റവുമൊടുവില്‍ 2016 നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധി നല്‍കിയിട്ടുള്ളത്.
പാലത്തിന്റെ ഇരുവശത്തും നിര്‍മിക്കുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെ മുഴുവന്‍ കെ.എസ്.ടി.പി പ്രവൃത്തിയും 2017 മാര്‍ച്ച് 17ന് തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി റെയില്‍വേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാകാനുണ്ട്.
മേല്‍പ്പാലത്തിന്റെ സ്ലാബുകളുടെ ജോലികള്‍ക്കു ശേഷമേ അടിപ്പാതയുടെ നിര്‍മാണം ആരംഭിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."