നീലേശ്വരം നഗരസഭയുടെ വികസന ശില്‍പിയായ സെക്രട്ടറിക്കു സ്ഥലം മാറ്റം
നീലേശ്വരം: ആറു വയസുമാത്രം പ്രായമുള്ള നീലേശ്വരം നഗരസഭയുടെ വികസനത്തിനു വികസനത്തിനു അടിത്തറ പാകിയ സെക്രട്ടറിക്കു സ്ഥലം മാറ്റം. സെക്രട്ടറിയായ എന്‍.കെ ഹരീഷ് കൊടുവള്ളി നഗരസഭയിലേക്കാണു സ്ഥലംമാറി പോകുന്നത്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റേത്.
കാര്‍ഷിക മേഖലയ്ക്കു മുന്‍തൂക്കം നല്‍കിയുള്ള വികസന നയമായിരുന്നു ഇദ്ദേഹത്തിന്റേത്. നഗരസഭയെ പൂര്‍ണമായും ജൈവനഗരമാക്കി മാറ്റാന്‍ ഹരീഷിന്റെ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ജൈവനഗരസഭയ്ക്കുള്ള അവാര്‍ഡും നീലേശ്വരത്തിനു ലഭിച്ചു. തരിശു ഭൂമികള്‍ കണ്ടെത്തി ജൈവകൃഷിയും ഇറക്കി. ഇതിന്റെ ഭാഗമായി മാലിന്യക്കൂമ്പാരമായിരുന്ന നീലേശ്വരം പുഴയോരത്തെ ജൈവനഗരിയാക്കി മാറ്റുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് വിസ്മൃതിയിലാണ്ടു പോകുമായിരുന്ന നീലേശ്വരം ആഴ്ച ചന്ത പുനരുജ്ജീവിപ്പിച്ചത്. ഇതിനു മുന്നോടിയായി ജൈവോത്സവവും സംഘടിപ്പിച്ചിരുന്നു. എല്ലാ ശനിയാഴ്ചകളിലും ജൈവനഗരിയില്‍ ആഴ്ച ചന്ത തുടര്‍ന്നും നടക്കും.
അഴിത്തല ടൂറിസം പദ്ധതിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആവിഷ്‌കരിച്ചത്. സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രാഥമിക പട്ടികയില്‍ ഇതുള്‍പ്പെടുത്താനും കഴിഞ്ഞു. ഇതിന്റെ പ്രാഥമികമായ കാര്യങ്ങള്‍ക്കായി നഗരസഭ 15 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. അതിനും അംഗീകാരം നേടിയെടുക്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. നഗരവികസനത്തില്‍ പ്രധാനപ്പെട്ട ആഴ്ച ചന്ത, അഴിത്തല ടൂറിസം പദ്ധതി എന്നിവ പൂര്‍ത്തീകരണത്തിലെത്തുന്നതിനു മുന്‍പാണ് ഹരീഷിന്റെ സ്ഥലം മാറ്റം. ഇത് നഗരസഭയ്ക്കു ഏറെ നഷ്ടമാണ് സമ്മാനിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്തിനു തന്നെ മാതൃകയായ ഉറവിട സംസ്‌കരണ പദ്ധതി ആരംഭിച്ചത്. ഇദ്ദേഹത്തിനു പകരക്കാരനെ ഇതുവരെയായും നിയമിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."