എടനീര്‍ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് തണലൊരുക്കി വിദ്യാര്‍ഥികള്‍ മാതൃകയായി.
ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എന്‍വിസാജ് സഹജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെഞ്ചംപറമ്പിനടുത്ത് നിര്‍മ്മിക്കുന്ന ആറ് വീടുകളുടെ മേല്‍ക്കൂരയുടെ പണികള്‍ തീര്‍ത്ത എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കീം വിദ്യാര്‍ഥികളാണ് നാടിന് മാതൃകയായത്.
കാറഡുക്ക പഞ്ചായത്തിലെ ബെള്ളൂരഡുക്കയില്‍ എന്‍വിസാജ് നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ആറ് വീടിന്റെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സ്വയം പര്യാപ്തമായ ഒരു കടയുടെയും മേല്‍ക്കൂരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് എടനീരിലെ വിദ്യാര്‍ഥികള്‍ ഈ ഓണം അവധിക്കാലം ചെലവഴിച്ചത്.
പൂര്‍ത്തീകരിക്കാതെ കിടന്നിരുന്ന ആറ് വീടുകള്‍ക്കും ഒരു കടയ്ക്കുമായി പത്തായിരത്തിലധികം ഓടുകള്‍ 500 മീറ്ററകലെ നിന്ന് നിര്‍മ്മാണ സ്ഥലത്തേയ്ക്ക് ചുമന്ന് കൊണ്ട് വന്നാണ് മേല്‍ക്കൂര പണിതത്.100 വളണ്ടിയര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം അവധിക്കാലത്ത് പൂര്‍ത്തീകരിച്ചത്.മുള്ളേരിയ നാട്ടക്കല്ലിനടുത്തുള്ള കാനാക്കോട് നിന്നും ഭക്ഷണ സാധനങ്ങളും , പാകം ചെയ്യാനുള്ള പാത്രങ്ങളും,പണിയായുധങ്ങളും ചുമന്ന് കാല്‍നടയായാണ് മൂന്ന് കിലോമീറ്ററോളം കുന്ന് കയറി വിദ്യാര്‍ഥികള്‍ ബെള്ളൂരടുക്കയിലെ വീട് നിര്‍മ്മാണ സ്ഥലത്തെത്തിയത്.ഓടുകള്‍ കടത്തുന്നതും ,വെക്കുന്നതും ,ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം വിദ്യാര്‍ഥികള്‍ തന്നെ ഏറ്റെടുത്തു. ബെള്ളൂരടുക്കയിലെ 36 സെന്റ് സ്ഥലത്ത് 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ആറ് വീടും ഒരു കടയും ഒരു കമ്മ്യൂണിറ്റി ഹാളുമാണ് പ്രൊഫസര്‍ എന്‍വിസാജ് നിര്‍മ്മിക്കുന്നത്.
2013 ല്‍ വൈദ്യുതി ലഭിക്കാത്തത് കാരണം പാതി വഴിയില്‍ മുടങ്ങി കിടന്നിരുന്ന വീടുനിര്‍മ്മാണം 2015 ല്‍ വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്ന് പുനരാരംഭിച്ച പ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് എടനീരിലെ വിദ്യാര്‍ഥികള്‍ നെഞ്ചംപറമ്പിലെത്തിയത്.ഓണാവധിക്കാലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ കഠിനാദ്ധ്വാനം നടത്തിയാണ് വിദ്യാര്‍ഥികള്‍ മേല്‍ക്കൂരയുടെ പണികള്‍ ഓടുകള്‍ വച്ച് പൂര്‍ത്തീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയതോടെ അപ്രത്യക്ഷമായ ജീവജാലങ്ങള്‍ തിരിച്ചുവരുന്നതിന്റെ സന്തോഷസൂചകമായി നെഞ്ചംപറമ്പില്‍ നിന്നും ശേഖരിച്ച നാടന്‍ പൂക്കള്‍ കൊണ്ട് വിദ്യാര്‍ഥികള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം ഓണം ബക്രീദ് സൗഹാര്‍ദ്ദ പൂക്കളവും ഒരുക്കി.
എന്‍വിസാജിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ എം എ റഹ്മാന്‍ ,പ്രവാസി മലയാളികൂടിയായ ഹസ്സന്‍ മാങ്ങാട് , പരിസ്ഥിതി പ്രവര്‍ത്തകനും, പ്രകൃതി ഫോട്ടോഗ്രാഫറും എന്‍വിസാജ് എഞ്ചിനീയറുകൂടിയായ എ കെ മുണ്ടോള്‍ , മേസ്ത്രി രാമകൃഷ്ണന്‍ ,സമീപവാസികള്‍ തുടങ്ങിയവരെല്ലാം വിദ്യാര്‍ഥികളുടെ ഈ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളികളായി .2014 ല്‍ കണ്ണാടിപ്പാറയില്‍ കുശലയ്ക്ക് ശൗചാലയവും ,2015 ല്‍ പൈക്ക പുനലടുക്കയിലെ സഹപാഠികളായ മീരയ്ക്കും രമ്യയ്ക്കും സ്‌നേഹവീട് നിര്‍മ്മാണവും ഈവര്‍ഷം 2016 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിദബാധിതരുടെ പുനരധിവാസസത്തിനായ് എന്‍വിസാജ് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ഥികളും അദ്ധ്യാപകരും ഇതോടെ ഏഴു വീടുകളും ,ഒരു കടയും ,ശൗചാലയവുമുള്‍പ്പെടെ 9 വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് സ്വാമിജീസ് ഹയര്‍സെക്കന്ററി വിഭാഗം രജത ജൂബിലി വര്‍ഷം കൂടിയായ 2016 ല്‍ സന്നദ്ധസേവനത്തിന് മുന്‍കൈ എടുക്കുന്നത് .
2015 ല്‍ 20 ഓളം എന്‍ഡോസള്‍ഫാന്‍ ദുരിദബാധിതരുടെ വീടുകള്‍ സാമൂഹ്യ പ്രവര്‍ത്തകനായ മൊയ്ദീന്‍ പൂവടുക്കയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചിരുന്നു .
പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന്‍ , എന്‍.എസ്എ.സ് പ്രോഗ്രാം ഓഫിസര്‍ ഐ.കെ വാസുദേവന്‍,അസ്സിസ്റ്റ ന്റ് പ്രോഗ്രാം ഓഫിസര്‍ എം.കെ ദീപ , ഉപദേശകാരായ കെ.എസ് കേശവന്‍ നമ്പൂതിരി ,പ്രവീണ്‍ കുമാര്‍ , വോളണ്ടിയര്‍മാരായ ഭാവന ,അമൃത ,നിത്യ , ഭവിഷ്യ ,അമല്‍ ,അഭിനന്ദന്‍ ,മിഥുന്‍ ,ഗിരീഷ് എന്നിവരാണ് വിദ്യാര്‍ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം നേതൃത്വം നല്‍കിവരുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."