ഹൈമാസ്റ്റ് വിളക്ക് കേടായിട്ട് മാസങ്ങള്‍
കുന്നംകുളം: ഹൈമാസ്റ്റ് വിളക്ക് കേടായതോടെ കണ്ണ് കാണാതെ കുന്നംകുളം ബസ് സ്റ്റാന്റ്. വിളക്കുകള്‍ തകരാറിലായതോടെ തിരക്കേറിയ ബസ് സ്റ്റാന്റും പരിസരവും ഇരുട്ടിലായിരിക്കുകയാണ്. ഹൈമാസ്റ്റ് വിളക്ക് കേടായിട്ട് മാസങ്ങളായി. നൂറിലധികം ബസുകള്‍ ദിവസവും വന്ന് പോകുന്ന സ്റ്റാന്റ് ഇരുട്ടിലായിട്ടും നന്നാക്കാന്‍ നടപടിയായില്ല. സുരക്ഷിത കാലപരിധി കഴിഞ്ഞതിനാല്‍ ഇത് നന്നാക്കുന്നതിന് വിതരണം ചെയ്ത ഏജന്‍സിയും മടിക്കുകയാണ്. രാത്രിയില്‍ ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സമീപത്തെ കടകളില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം.
വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. ബസ് സ്റ്റാന്റിന് സമീപത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള എല്‍ ഷെയ്പ് കെട്ടിടത്തിലെ പൊതുവിളക്കുകളും കത്തുന്നില്ല. ബില്‍ അടയ്ക്കാന്‍ നഗരസഭ വീഴ്ച വരുത്തിയതിനാല്‍ കെ.എസ്.ഇ.ബി കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.
നഗരത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന ബസ്സ് സ്റ്റാന്റ് റോഡില്‍ തെരുവുവിളക്കുകള്‍ കൂടി പ്രകാശിക്കാതായപ്പോള്‍ സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങളും സജീവമായിരിക്കയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് ബസ്സ് സ്റ്റാന്റിനുളളിലെ ലൈറ്റുകള്‍ പ്രകാശിപ്പിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."