പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
പുന്നയൂര്‍ക്കുളം: പ്രസിഡന്റ് ജനാധിപത്യവും രാഷ്ട്രീയ മര്യാദയും ലംഘിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അടിസ്ഥാന സൗകര്യമില്ലാത്ത പുന്നയൂര്‍ക്കുളം, കടിക്കാട്, ചമ്മന്നൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളെ അവഗണിച്ച് ചെറായി സ്കൂളിന് വേണ്ടി പണം കൂടുതലായി ചെലവഴിക്കുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ നിന്നാണ് അഞ്ചു ബി.ജെ.പി പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപിന്റെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡും വികസനസമിതി ചെയര്മാന് കെ.എസ് ഭാസ്കരന് മത്സരിച്ച് ജയിച്ചതുമായ രണ്ടാം വാര്‍ഡിലേക്ക് അനുവദിച്ചത് 13 പദ്ധതികളാണെന്നും മൊത്തം 40 ലക്ഷത്തോളം രൂപയ്ക്കുള്ള പദ്ധതികളാണിവിടെ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡുകളായ കടിക്കാട്, ആല്‍ത്തറ, തൃപ്പറ്റ്, ആറ്റുപുറം, പൂഴിക്കള എന്നിവിടങ്ങളില്‍ ആകെ ഒന്നോ രണ്ടോ പദ്ധതിയാണുള്ളതെന്നും അതും അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ളവയാണെന്നും ബി.ജെ.പി അംഗങ്ങളായ ഷാജി തൃപ്പറ്റ്, ഇന്ദിര പ്രഭുലന്, ലസിത സുനില്‍, അനിത ധര്മന്, മനോജ് എന്നിവര്‍ ആരോപിച്ചു.
ഇത് കൂടാതെ അന്തിമ വികസന രേഖ ബോര്‍ഡ് മീറ്റിങ്ങില്‍ അവതരിപ്പിക്കാതെ എങ്ങനെയാണ് പാസ്സാക്കിയതെന്നും ഇവര്‍ ചോദിച്ചു.
അതാത് കര്‍മ സമിതികളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളേയും ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് മീറ്റിങ്ങില്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് കര്‍മ സമിതി വൈസ് ചെയര്മാന്മാരായും ബ്ലോക്ക് കര്‍മ സമിതിയിലേക്കും സി.പി.എം പ്രവര്‍ത്തകരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ഇറങ്ങിപ്പോകുന്നതെന്ന് ബി.ജെ.പി അംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."