ഷരീഫിന്റെ വേര്‍പാട് നാടിനും നഗരത്തിനും തേങ്ങലായി
ചാവക്കാട്: അണ്ടത്തോട് വാഹനാപകടത്തില്‍ അല്‍അമീന്‍ ബസ് ഡ്രൈവര്‍ തങ്ങള്‍പ്പടി ബീച്ച് റോഡ് പണിക്കവീട്ടില്‍ ഹംസയുടെ മകന്‍ ഷരീഫിന്റെ (32) വേര്‍പാട് നാടിനും നഗരത്തിനും തേങ്ങലായി.
ഇന്നലെ രാവിലെ അപകടം നടന്ന വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴി പരന്നതോടെ അണ്ടത്തോട്ടേക്ക് നിരവധികയാളുകളാണെത്തിയത്. അപകടം നടന്ന സ്ഥലത്തും തങ്ങള്‍പ്പടി സ്വദേശികളും പിന്നീട് മൃതദേഹം സൂക്ഷിച്ച താലൂക്കാശുപത്രി പരിസരത്ത് നാട്ടുകാര്‍ക്കൊപ്പം തൊഴിലാളി യൂണിയന്റെ പേരും കൊടിയുടെ നിറവും നോക്കാതെ മുഴുവന്‍ ബസ് തൊഴിലാളികളും തടിച്ചുകൂടുകയായിരുന്നു. ഷരീഫിന്റെ പടമുള്ള ബാഡ്ജ് എല്ലാ തൊഴിലാളികളും വസ്ത്രത്തില്‍ കുത്തിയാണ് ദുഖമാചരിച്ചത്.
താലൂക്കാശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് പുറത്തിറക്കിയ മൃതദേഹം തൊഴിലാളികള്‍ തന്നെ ഏറ്റു വാങ്ങി.
മണത്തല ജുമാ മസ്ജിദ് പരിസരത്ത് എത്തിച്ച മൃതദേഹം കുളിപ്പിച്ച് പുതുവസത്രം പുതച്ച ശേഷമാണ് നഗരസഭാ ബസ് സ്റ്റാന്റില്‍ പൊതു ദര്‍ശനത്തിനായി വെച്ചത്. മൃതദേഹം തങ്ങള്‍പ്പടിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തൊഴിലാളികളും അനുഗമിച്ചു. ആശുപത്രിയിലും ബസ് സ്റ്റാന്റിലുമായി ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.എച്ച് റഷീദ്, ചാവക്കാട് നഗരസഭാ അധ്യക്ഷന്‍ എന്‍.കെ അക്ബര്‍, വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളായ കെ.എം അലി, കെ.എച്ച് സലാം, എം.എസ് ശിവദാസ്, കെ കമാലുദ്ദീന്‍, പ്രവീണ്‍കുമാര്‍, എം.കെ ഷംസുദ്ദീന്‍, കെ. കെ.ഖാദര്‍, കെ.എച്ച് ആബിദ് അണ്ടത്തോട്, ബസുടമകളായ സലീല്‍ കുമാര്‍, അനില്‍, സേതുമാധവന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി.
അപകട വാര്‍ത്തയറിഞ്ഞതു മുതല്‍ ഷരീഫിനോടുള്ള ആദരവ് സൂചകമായി ചാവക്കാട് കേന്ദ്രീകരിച്ച് പൊന്നാനി ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസ് സര്‍വിസ് നിര്‍ത്തി വെച്ചിരുന്നു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ യാത്ര തടസപ്പെട്ടെങ്കിലും യാത്രാ ക്ലേശം പരിഹരിക്കാനായി കൂടുതല്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഇതേ റൂട്ടിലിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."