അധികൃതരുടെ അനാസ്ഥ; വാഗമണ്‍ ഹൈവേ നിര്‍മാണം പാതിവഴിയില്‍
മുണ്ടക്കയം: ഇളംകാട് - വല്യേന്ത - വാഗമണ്‍ ഹൈവേയുടെ നിര്‍മാണം പാതിവഴിയില്‍. പതിനാലു കോടിയുടെ പദ്ധതിയാണ് ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുന്നത്.
തെക്കന്‍ ജില്ലകളില്‍ നിന്ന് എരുമേലി വഴി എത്തുന്നവര്‍ക്ക് ഈരാറ്റുപേട്ട, കുട്ടിക്കാനം തുടങ്ങിയ പാതകള്‍ ഒഴിവാക്കി വാഗമണ്ണിലെത്താനുള്ള എളുപ്പമാര്‍ഗമായിരുന്നു പുതിയ പാത. എന്നാല്‍ അധികൃതരുടെ അലംഭാവത്തോടെ ഇതിനു തടവീണു. ഇളംകാട്ടില്‍ നിന്നു മലമ്പാത വെട്ടിത്തെളിച്ച് വല്യേന്ത വഴി വാഗമണ്ണിലേക്ക് എത്തുന്ന പത്ത് കിലോമീറ്റര്‍ ഹൈവേയുടെ നിര്‍മാണ ചുമതല കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു. എന്നാല്‍ ഇവര്‍ നിര്‍മാണ ചുമതല സ്വകാര്യ കരാറുകാരനെ ഏല്‍പ്പിച്ചതോടെ പാത നിര്‍മാണം ഇഴയാന്‍ തുടങ്ങി.ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ബസ് ഓടിയിരുന്ന വല്യേന്ത വരെയുളള പാത പുനര്‍നിര്‍മാണത്തിനായി കുത്തിപ്പൊളിച്ചതോടെ വര്‍ഷങ്ങളോളം ജനങ്ങള്‍ ദുരിതത്തിലായി. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇളംകാട്ടില്‍ നിന്നു വല്യേന്ത വരെയുളള രണ്ടു കിലോമീറ്റര്‍ പാത ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കി. ബാക്കി ഭാഗത്തെ മണ്ണു പണി, കല്‍ക്കെട്ട് നിര്‍മാണം എന്നിവ ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍ സ്വകാര്യ കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയി.
ചെങ്കുത്തായ പാതയില്‍ നിര്‍മിച്ച 'എസ്' ആകൃതിയിലുള്ള വളവ് വാഹനങ്ങള്‍ക്ക് ഭീഷണിയായി. എസ് വളവിലൂടെ വാഹനങ്ങള്‍ കയറില്ല എന്ന് അഭിപ്രായം ഉയര്‍ന്നതോടെ വളവ് പുനര്‍നിര്‍മിച്ചാലേ പാത ഉപയോഗപ്രദമാകൂ എന്ന നിലയായി. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല.
പാത തുറന്നാല്‍ മുണ്ടക്കയത്തു നിന്നും നിലവില്‍ കുട്ടിക്കാനം, ഏലപ്പാറ വഴിയുള്ള വാഗമണ്‍ യാത്ര ഒഴിവാക്കി കുറഞ്ഞ ദൂരത്തില്‍ വാഗമണ്‍, കുരിശുമല, മുരുകന്‍മല, കോലാഹലമേട് തങ്ങള്‍പാറ എന്നിവിടങ്ങളിലെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."