കൊട്ടാരക്കരയില്‍ മാലിന്യ നിക്ഷേപം പതിവാകുന്നു സ്‌കൂള്‍ പരിസരങ്ങളില്‍ പോലും മാലിന്യക്കൂമ്പാരം നടപടിയെടുക്കാതെ അധികൃതര്‍
കൊട്ടാരക്കര: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യനിക്ഷേപം പതിവാകുന്നു. സ്‌കൂളുകളുടെ പരിസരങ്ങളിലും മാലിന്യക്കൂമ്പാരമുയര്‍ന്നിട്ടും നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണ് നഗരസഭാ അധികൃതര്‍.
ഓണത്തോടനുബന്ധിച്ചു വ്യാപാര വാണിജ്യസ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തള്ളിയിരുന്നു. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്നും അയ്യായിരം രൂപ വരെ പിഴയീടാക്കുമെന്ന് നഗരസഭാ സെക്രട്ടറി ബോര്‍ഡ് സ്ഥാപിച്ച ഇടങ്ങളില്‍ വരെ ഇപ്പോള്‍ മാലിന്യക്കൂമ്പാരമാണ്. കൊട്ടാരക്കര മാര്‍ത്തോമാ സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നും കൊട്ടാരക്കര ബോയ് സ്‌കൂളിന്റെ മതിലിന് സമീപത്തും ഒരാഴ്ചയായി മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.
നഗരസഭയുടെ മാലിന്യശേഖരണം ഫലവത്താകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കൊട്ടാരക്കര ഉഗ്രംകുന്ന് കേന്ദ്രീകരിച്ച് നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനം പേരിന് മാത്രമാണ്.
നഗരസഭ മാലിന്യം ശേഖരിക്കുന്നതിനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് ലോറികളിലായി പത്തോളം തൊഴിലാളികളാണ് മാലിന്യം ശേഖരിക്കാന്‍ രാവിലെ മുതല്‍ ടൗണിലെത്തുക. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിക്കണമെന്നാണ് കരാറെങ്കിലും ഇവരിപ്പോള്‍ ടൗണിലെ കടകളില്‍ നിന്നുള്ള മാലിന്യം മാത്രമാണ് ശേഖരിക്കുന്നത്. ഇരുപതിയൊന്‍പത് വാര്‍ഡുകളുള്ള കൊട്ടാരക്കര നഗരസഭയിലെ മിക്ക പ്രദേശങ്ങളിലും മാലിന്യശേഖരണ ലോറികളെത്തുന്നില്ല. റോഡരികില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും ഇവരെടുക്കാറില്ല.
മാലിന്യസംസ്‌കരണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് നഗരസഭ ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."