ബാര്‍കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരേയും സുകേശനെതിരേയും അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. എസ്പി. ആര്‍ സുകേശനെതിരേയും അന്വേഷണത്തിന് ഉത്തരവുണ്ട്.
ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിക്കും എസ്.പി ആര്‍.സുകേശനുമെതിരേ കേസെടുക്കണമെന്ന ഹരജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
45 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
മാണിക്കെതിരായ തെളിവ് പരിഗണിക്കെരുതെന്ന് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തി. ഈ ആവശ്യം ഉന്നയിച്ച് സുകേശന് റെഡ്ഡി കത്തയച്ചു. ബാര്‍മുതലാളി ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വസിക്കരുതെന്നും റെഡ്ഡി സുകേശനോട് ആവശ്യപ്പെട്ടു.
ബാര്‍കോഴ കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടന്നതായി വിജിലന്‍സ് കോടതി ഇന്നലെ പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയിലാണ് ഡയറിയില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നതായി കോടതി കണ്ടെത്തിയത്.
അന്വേഷണം തടസപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കുമെങ്കിലും ഡയറിയിലെ എട്ട്, ഒന്‍പത് ഭാഗങ്ങള്‍ കോടതി പരിശോധിക്കും.
മാണിക്കെതിരായ ബാര്‍കോഴ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സമയം ലഭിച്ചില്ലെന്നും ശങ്കര്‍റെഡ്ഡി സമ്മര്‍ദം ചെലുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും വ്യക്തമാക്കി സുകേശന്‍ നല്‍കിയ ഹരജി പരിഗണിച്ചു കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ബാര്‍ ഉടമകള്‍ നല്‍കിയ മൊഴികള്‍ പരാമര്‍ശിക്കുന്ന ഭാഗത്തും തെളിവുകള്‍ സംബന്ധിച്ച ഭാഗത്തും കേസ് ഡയറിയില്‍ മാറ്റം വരുത്താനും ബിജു രമേശ് കൈമാറിയ ശബ്ദരേഖ മുഴുവനായി തളളണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കേസ് ഡയറിയില്‍ കൃത്രിമം നടത്തേണ്ടി വന്നതായും സുകേശന്‍ സമ്മതിച്ചിരുന്നു.
14 വോള്യങ്ങളിലായി നാലായിരത്തിലധികം പേജുകളുള്ളതാണ് കെ.എം.മാണിയുടെ ബാര്‍കോഴ കേസ് ഡയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."