കശ്മിരിലെ ഭീകരാക്രമണം നാണക്കേടായെന്ന് വിലയിരുത്തല്‍
കോഴിക്കോട്: കശ്മിരിലെ ഭീകരാക്രമണവും സംസ്ഥാന മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിയുടെ സമീപനവും രാജ്യത്തിനും പാര്‍ട്ടിക്കും ഒരുപോലെ നാണക്കേടായെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട്ട് ഇന്നലെ ആരംഭിച്ച ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും തുടര്‍ന്ന് നടന്ന നേതൃയോഗത്തിലും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ കടുപ്പിക്കണമെന്ന് യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടു.
റഷ്യയും ചൈനയും പാകിസ്താനെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്ന ഇന്ത്യയുടെ നിലപാടിനെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് വിലയിരുത്തലുണ്ടായി. ഈ വിഷയത്തില്‍ ശക്തമായ പ്രമേയങ്ങള്‍ കൗണ്‍സിലില്‍ പാസാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നില്ലെന്ന് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിമര്‍ശനമുണ്ടായി. പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിക്കാന്‍ നേതാക്കള്‍ താഴേത്തട്ടിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അമിത്ഷാ ആഹ്വാനം ചെയ്തു.
രണ്ടുവര്‍ഷം പിന്നിട്ട നരേന്ദ്രമോദി സര്‍ക്കാരിന്റെ പേരുദോഷം മാറ്റാന്‍ മുഖംമിനുക്കല്‍ പ്രക്രിയയുമായി ബി.ജെ.പി സാധാരണക്കാരന്റെ സര്‍ക്കാര്‍ എന്ന നിലയിലേക്ക് മാറാനുള്ള നടപടികള്‍ ആരംഭിക്കും. ജനസംഘം മുന്‍ പ്രസിഡന്റ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ രൂപം നല്‍കിയ 'ഏകാത്മമാനവ ദര്‍ശനം' മുന്‍നിര്‍ത്തി സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും ന്യൂനപക്ഷങ്ങളെയും അടുപ്പിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുക.
കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതുപ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഇന്നലെ നടന്ന യോഗത്തില്‍ കൈമാറി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ദേശീയ നേതാക്കള്‍ക്ക് മുന്‍പാകെ വച്ചത്. ഈ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയായി കോഴിക്കോട്ടു വച്ച് പ്രഖ്യാപിക്കും.
കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ന്യൂനപക്ഷങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് സംസ്ഥാന നേതൃത്വം തയാറാക്കിയ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച രാഷ്ട്രീയനിര്‍ദേശം കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ചു. സംസ്ഥാനത്ത് അധികാര രാഷ്ട്രീയത്തിലേക്ക് കടക്കണമെങ്കില്‍ ന്യൂനപക്ഷ പിന്തുണകൂടി അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ വിഭാഗത്തെയാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്. ഇവരെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന് ദേശീയ അടിസ്ഥാനത്തില്‍ നീക്കംവേണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഇരു മുന്നണികളിലെയും ചെറുകക്ഷികളെയും ജനസമ്മതിയുള്ള നേതാക്കളെയും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
മൂന്നു ദിവസത്തെ ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും സ്വപ്ന നഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."