ഉദിച്ചുയരുന്ന വടക്കു- കിഴക്കന്‍മാര്‍
ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ കളിക്കളമായി മാറിയ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങള്‍ കുതിപ്പിന്റെ പാതയിലാണ്. ആവേശത്തിന്റെ കൊടുമുടിയേറ്റി കാല്‍പന്തു കളിയിലെ ഭാവി വാഗ്ദാനങ്ങള്‍ ഉദിച്ചുയരുന്നതും വടക്കു- കിഴക്കില്‍ നിന്നുതന്നെ. ഐ.എസ്.എല്ലിന്റെ രണ്ടു പതിപ്പിലും യുവ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിയായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ്.സി പന്തു തട്ടിയത്. ആദ്യ സീസണില്‍ അവസാന സ്ഥാനക്കാരായി. രണ്ടം പതിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി മികവ് പ്രകടിപ്പിച്ചു. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ടീം മൂന്നാം പതിപ്പിന് തയ്യാറെടുക്കുന്നതു മികച്ച പോരാട്ട വീര്യം പുറത്തെടുക്കാനാണ്.
സ്വന്തം നാട്ടിലെ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയതിനൊപ്പം ലാറ്റിനമേരിക്കന്‍ താര നിരയെ കൂടി ഇറക്കിയാണ് മൂന്നാം പതിപ്പില്‍ കളത്തിലിറങ്ങാന്‍ പടയൊരുക്കം നടത്തുന്നത്. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയെ മുഖ്യ പരിശീലകനായി എത്തിച്ച നോര്‍ത്ത്ഈസ്റ്റ്, കഴിഞ്ഞ സീസണില്‍ പൂനെ എഫ്.സിയുടെ നായകനായിരുന്ന ഐവറി കോസ്റ്റിന്റെ മുന്‍ ദേശീയ താരം ദിദിയര്‍ സൊകോറയെ റാഞ്ചിയെടുത്ത് മാര്‍ക്വീ താരവുമാക്കി. കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളില്‍ ആറു വിജയവും രണ്ടു സമനിലയും നേടിയ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് ആറു കളികളില്‍ പരാജയപ്പെട്ടു. വടക്കു- കിഴക്കിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് അംഗീകാരമെന്ന നിലയില്‍ ഐ.എസ്.എല്‍ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം ഗുവാഹത്തിയിലാണ്.
തന്ത്രമൊരുക്കി
നെലോ വിന്‍ഗാദ
നോര്‍ത്ത്ഈസ്റ്റിനായി ഇത്തവണ തന്ത്രങ്ങളൊരുക്കുന്നത് പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ്. പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ ദേശീയ ടീമുകളുടെ പരിശീലകനായിരുന്നതിന്റെ അനുഭവ സമ്പത്തുമായാണ് വിന്‍ഗാദ എത്തിയിരിക്കുന്നത്.
വെലസും ലാലിയന്‍സുലെ ചാങ്‌തെയും കുന്തമുനകള്‍
അര്‍ജന്റൈന്‍ താരം നിക്കോളസ് വെലസ് തന്നെയാണ് ഇത്തവണയും നോര്‍ത്ത്ഈസ്റ്റിന്റെ ആക്രമണ നിരയെ നയിക്കുന്നത്. വെലസിന് കൂട്ടായി ഉറുഗ്വെ താരങ്ങളായ സാഷ അനെഫും എമിലിയാനോ അല്‍ഫാരോയും കളത്തിലിറങ്ങും. ഈ മൂന്നു ലാറ്റിനമേരിക്കന്‍ താരങ്ങള്‍ മുന്നേറ്റ നിരയില്‍ ഒരുക്കുന്ന തന്ത്രങ്ങളിലാണ് നോര്‍ത്ത്ഈസ്റ്റിന്റെ പ്രതീക്ഷകള്‍. ലാറ്റിനമേരിക്കന്‍ താര നിരയ്ക്ക് കൂട്ടായി ഇന്ത്യയുടെ ദേശീയ താരം ലാലിയന്‍സുലെ ചാങ്‌തെയുമുണ്ട്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോള്‍ സ്‌കോറര്‍ ബഹുമതിയുമായാണ് ചങ്‌തെ ഐ.എസ്.എല്ലില്‍ ആദ്യമായി പോരാട്ടത്തിനിറങ്ങുന്നത്. ചങ്‌തെയ്ക്ക് പുറമേ ഇന്ത്യന്‍ സാന്നിധ്യമായി ഹോളിചരണ്‍ നര്‍സാരിയും സുമിത് പാസിയും മുന്നേറ്റത്തിലുണ്ട്.
മധ്യനിരയെ നയിക്കാന്‍ ദിദിയര്‍ സൊകോറ
ആക്രമണകാരികള്‍ക്ക് പിന്തുണയേകാന്‍ മധ്യനിരയില്‍ ബ്രസീലിയന്‍ കരുത്തന്‍മാരാണുള്ളത്. വെല്ലിങ്ടണ്‍ പ്രയോറി, നെവെസ് ഫ്‌ളോറെന്റീനോ എന്നീ ബ്രസീലിയന്‍ താരങ്ങളാണ് മധ്യനിരയില്‍ ഉണ്ടാവുക. ദിദിയര്‍ സൊകോറ മധ്യനിരയെ നിയന്ത്രിക്കും.
ഐവറികോസ്റ്റിന്റെ തന്നെ റോമറിക്ക് കൂടി മധ്യനിരയ്ക്ക് ശക്തിയായി കൂടെയുണ്ട്. ഇന്ത്യന്‍ താരങ്ങളായ സെയ്ത്യാസന്‍ സിങ്, റൗളിങ് ബോര്‍ഗസ്, ഫനായി ലാല്‍റെംപുയ എന്നിവര്‍ക്കൊപ്പം ജപ്പാനില്‍ നിന്നെത്തിയ കാത്സുമി യുസയും ചേരുന്നതോടെ മധ്യനിര സുശക്തമാണ്.
കോട്ട കാക്കാനും ബ്രിസീലിയന്‍
കരുത്തന്‍മാര്‍
പ്രതിരോധ സേനയില്‍ ഇത്തവണ നോര്‍ത്ത്ഈസ്റ്റിന് ബ്രീസിലിയന്‍ കരുത്തന്‍മാര്‍ മുതല്‍ക്കൂട്ടായുണ്ട്. ഗുസ്താവോ ലാസെറെറ്റിയും, മെയില്‍സണ്‍ ആല്‍വസുമാണ് വന്‍മതില്‍ തീര്‍ക്കാനുള്ളത്. ഇരുവര്‍ക്കും കൂട്ടായി ഇന്ത്യന്‍ താരങ്ങളായ നിര്‍മല്‍ ഛേത്രി, റോബിന്‍ ഗുരുക്, റെഗന്‍ സിങ്, സൗവിക് ഘോഷ്, സലാം രഞ്ജന്‍ സിങ് എന്നിവരും കണ്ണി ചേരും.
ചോരാത്ത
കൈകളുമായി
രഹ്്‌നേഷ്
നോര്‍ത്ത്ഈസ്റ്റിന്റെ വലയ്ക്ക് മുന്നില്‍ ഇത്തവണയും വിശ്വസ്ത ഗോളി ടി.പി രഹ്്‌നേഷ് തന്നെയുണ്ടാവും. മികച്ച സേവുകളുമായി ഐ.എസ്.എല്‍ രണ്ടാം പതിപ്പില്‍ അഞ്ചാം സ്ഥാനത്ത് എത്തിയ നോര്‍ത്ത്ഈസ്റ്റിന്റെ മികവിനു പിന്നില്‍ മലയാളി താരം രഹ്്‌നേഷിന്റെ പരിശ്രമം ചെറുതല്ലായിരുന്നു.
അതുകൊണ്ടു തന്നെ ഈ ഒന്നാം നമ്പര്‍ ഗോളിയെ കൈവിടാന്‍ നോര്‍ത്ത്ഈസ്റ്റിനു കഴിയില്ല. രഹ്്‌നേഷിന് പുറമേ ബ്രീസില്‍ താരം വെല്ലിങ്ടണ്‍ ലിമയും ഇന്ത്യയുടെ തന്നെ സുബ്രതോ പാലും വല കാക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."