കേന്ദ്രസര്‍ക്കാര്‍ അവഗണന; ചെറുവണ്ണൂര്‍ സ്റ്റീല്‍കോംപ്ലക്‌സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ഫറോക്ക്: ഇരുമ്പുകമ്പി ഉല്‍പാദനമില്ലാതെ സെയിലിലെ റീറോളിങ് മില്‍ നിശ്ചലാവസ്ഥയില്‍. പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങി ചെറുവണ്ണൂര്‍ സെയില്‍ എസ്.സി.എല്‍ കേരള ലിമിറ്റഡ് (സ്റ്റീല്‍ കോംപ്ലക്‌സ്) അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.
കമ്പി ഉല്‍പാദനത്തിന് ആവശ്യമായ ബില്ലറ്റ് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കാത്തതാണ് കമ്പനിയെ തകര്‍ച്ചയിലേക്കു നയിക്കുന്നത്. നേരത്തെ തകര്‍ച്ചയുടെ വക്കിലെത്തിയ സ്റ്റീല്‍ കോംപ്ലക്‌സിനെ നവരത്‌ന കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി യോജിച്ചു കൂട്ടുസംരംഭമാക്കി സംസ്ഥാന സര്‍ക്കാര്‍ പുനരുദ്ധരിച്ചിരുന്നു. സ്റ്റീല്‍ അതോറിറ്റി നല്‍കുന്ന ഉരുക്ക് ബില്ലറ്റ് ഉപയോഗിച്ച് ടി.എം.ടി കമ്പികളാക്കി പരിവര്‍ത്തിപ്പിക്കുന്നതിനായി 60 കോടിയോളം രൂപ ചെലവഴിച്ച് ഇവിടെ റീറോളിങ് മില്ല് സ്ഥാപിച്ചിരുന്നു. ഇതാണു കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെയിലില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ അടഞ്ഞുകിടക്കുന്നത്.
നേരത്തെ സെയിലുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം പ്രതിമാസം 5,500 ടണ്‍ ടി.എം.ടി കമ്പി ഉല്‍പാദിപ്പിക്കാനാവശ്യമായ ബില്ലറ്റ് ഇവിടേക്കു നല്‍കേണ്ടതാണ്. പകരം റീ റോളിങ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന കമ്പികള്‍ തിരികെ നല്‍കാനായിരുന്നു കരാര്‍. ഇതിലൂടെ ഒരു ടണ്ണിന് 2,700 രൂപ ചെറുവണ്ണൂര്‍ സെയില്‍ എസ്.എ.എല്ലിനു ലഭിക്കേണ്ടതാണ്.
കനറാ ബാങ്കില്‍ നിന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാമ്യത്തില്‍ 45 കോടിയും സര്‍ക്കാര്‍ വിഹിതമായി 15 കോടിയും മുടക്കിയാണ് റീറോളിങ് മില്‍ നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം വിരലിലെണ്ണാവുന്ന ദിനങ്ങളാണു സ്ഥാപനം പ്രവര്‍ത്തിച്ചത്. ഉല്‍പാദനം നിലച്ചു കോടികളുടെ കടംകേറി കൂടുതല്‍ തകര്‍ച്ചയിലേക്കു നീങ്ങുന്ന കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."