കാണാം കലിക്കോട് വെള്ളച്ചാട്ടം
ഇരിക്കൂര്‍: ഉത്തരമലബാറിലെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് ഇടംതേടി പുതിയൊരതിഥി. പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡിലെ പാറ്റക്കലില്‍ സ്ഥിതി ചെയ്യുന്ന കലിക്കോട് വെള്ളച്ചാട്ടമാണ് ടൂറിസം വകുപ്പിന്റെ അവഗണന കാരണം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്.
ദൃശ്യഭംഗി കൊണ്ടും പ്രകൃതി സൗന്ദര്യത്താലും കാഴ്ചക്കാരുടെ മനം കവരുന്ന വെള്ളച്ചാട്ടം ഗതാഗത സൗകര്യങ്ങള്‍ ഏറെയില്ലാത്ത ഒരു കുഗ്രാമത്തിലായതുകൊണ്ടു തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള സഞ്ചാരികളില്‍ പലര്‍ക്കും ഈ കാഴ്ച അന്യമാവുകയാണ്. നീര്‍ച്ചോലയും പ്രകൃതി കടഞ്ഞെടുത്ത പാറക്കൂട്ടങ്ങളും തീര്‍ക്കുന്ന വിസ്മയക്കാഴ്ച്ചകള്‍ വിനോദമാഗ്രഹിച്ചെത്തുന്ന സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകുന്നവയാണ്. അരികിലായുള്ള ചെറുജീവികളും പക്ഷികളും നിരനിരയായുള്ള പാറക്കൂട്ടങ്ങളുമാണീ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.
ഊരത്തൂര്‍പറമ്പ്, ബ്ലാത്തൂര്‍, കല്ല്യാട് ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവി കക്കട്ടംപാറയും കടന്ന് കലിക്കോട് ചേരുമ്പോഴാണ് വെള്ളച്ചാട്ടമായി രൂപമെടുക്കുന്നത്. മുകള്‍തട്ടിലെ വനമേഖലയിലൂടെ പരന്നൊഴുകി പാറക്കെട്ടുകളിലൂടെ അമ്പത് മീറ്ററോളം താഴ്ചയിലേക്ക് പതിച്ച് നിലാമുറ്റം തോട്ടിലൂടെ വളപട്ടണം പുഴയില്‍ ചേരുന്നു. വഴുവഴുപ്പുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലുള്ള കുളിയും സാഹസിക നടത്തവുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദം. കാലവര്‍ഷം തുടങ്ങുന്നതോടെ ഇവിടെ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ശക്തമായ ഒഴുക്കുണ്ടാവും
സൗകര്യങ്ങള്‍ കുറവാണെങ്കിലും വെള്ളച്ചാട്ടത്തിനടുത്തു വരെ വാഹനങ്ങള്‍ പോകുന്നത് കാരണം അവധി ദിനങ്ങളിലും ആഘോഷനാളുകളിലും സമീപത്തെ കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് കാണാനെത്തുന്നത്.
ഇരിക്കൂര്‍ കല്ല്യാട് റോഡില്‍ പാറ്റക്കല്‍ കണ്ണങ്കോട് വിഷ്ണുക്ഷേത്രം റോഡിലൂടെ ഒരു കിലോമീറ്റര്‍ കടന്നു പോയാലും ബ്ലാത്തൂര്‍ സ്‌കൂള്‍-ചോലക്കരി റോഡു വഴിയും വെള്ളച്ചാട്ടത്തിനടുത്തെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."